ഒരു തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഇത്രയേറെ ചര്‍ച്ചാവിഷയമാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. സമകാലിക വിഷയങ്ങള്‍ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച എത്രയോ പാരഡിഗാനങ്ങള്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും മുന്‍കാലങ്ങളിലും ഇറങ്ങിയിട്ടും ഇപ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയേറെ വിവാദം? തിരുവാഭരണപാത സംരക്ഷണസമിതിയുടെ പേരില്‍ ഇന്നലെയാണ് പാട്ടിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതേക്കുറിച്ച് അവര്‍ക്കിടയില്‍തന്നെ ഭിന്നാഭിപ്രായമാണ്. അയ്യപ്പനെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നുമാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറയുന്നത്. കെ. കരുണാകരനെ പരിഹസിക്കാന്‍ സിപിഎമ്മാണ് അയ്യപ്പന്റെ പാട്ട് ആദ്യം ഉപയോഗിച്ചതെന്നും അന്നില്ലാത്ത ഫീലിങ് ആണ് ഇപ്പോഴെന്നും പറയുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.. എന്തായാലും, പോറ്റിയേ കേറ്റിയേ എന്ന പാരഡിഗാനത്തിനെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്. വിശ്വാസികള്‍ക്കല്ല, മറ്റു പലര്‍ക്കുമാണ് വ്രണപ്പെട്ടതെന്നും ഭീഷണികോളുകള്‍ വരുന്നുണ്ടെന്നും പാട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പാരഡിയെച്ചൊല്ലി ഇങ്ങനെ പോരടിക്കണോ?