പോറ്റിയെ കേറ്റിയെ എന്ന ഗാനത്തിനെതിരെ കേസെടുത്ത പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സമാനതകളില്ലാത്ത കടുത്ത പരാമർശങ്ങൾ . മതവിശ്വാസം തകർക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടാനും ലക്ഷ്യമിട്ടാണ് ഗാനം തയ്യാറാക്കിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചു. പരാതിക്കാരൻ ഉൾപ്പെടെയുള്ള ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസെടുത്ത പൊലീസ് മൂന്നുവർഷം വരെ തടവ ശിക്ഷ കിട്ടാവുന്ന കുറ്റവുമാണ് ചുമത്തിരിക്കുന്നത്. കേരള പൊലീസിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിനെതിരെ ഇത്രയും ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ഗാനത്തിന്റെ അണിയറ പ്രവർത്തകരെ ചോദ്യംചെയ്ത് തുടർനടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. തിരുവാഭരണപാത സംരക്ഷണ സമിതി സെക്രട്ടറി ഇന്നലെ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
തിരുവനന്തപുരം സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഗാനം ഷെയർ ചെയ്തവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നുമുണ്ട്. പരാതി സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഗാനത്തിന്റെ വരികൾ അടക്കം പരിശോധിച്ച സൈബർ ഓപ്പറേഷൻസ് ഭാഗം കേസെടുക്കാം എന്ന ശുപാർശയാണ് നൽകിയത് . ഇതിന് പിന്നാലെയാണ് കേസെടുത്തത്. കേരളത്തിലെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിനെതിരെ കേസെടുക്കുന്നത്.