നമ്മുടെ രാജ്യത്തെ മനുഷ്യരുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിന് വലിയ പങ്കുവഹിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ദതി. യുപിഎ കാലത്ത് 2005ല്‍ തുടങ്ങിയ പദ്ധതിയാണിത്. പട്ടിണിയില്‍നിന്ന് മനുഷ്യനെ കരകയറ്റുകയും വിശേഷിച്ചും സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടിയതിനും തൊഴിലുറപ്പ് പദ്ധതിയുടെ റോള്‍ വളരെ വലുതാണ്. അത് നമ്മളെല്ലാം കണ്‍മുന്നില്‍ കണ്ടവരും അനുഭവിച്ചവരുമാണ്. ഇപ്പോളിതാ ആ പദ്ധതിയും, പദ്ധതിയുടെ പേരും വെട്ടുകയാണ് മോദി സര്‍ക്കാര്‍. വികസിത് ഭാരത് ഗാരന്റി ഫോര്‍  റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ എന്ന തലക്കെട്ടോടെ തയ്യാറാക്കിയ പുതിയ ബില്‍  ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം, ഇനി സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും 90–10 എന്ന നിലയിലാക്കി. സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തുന്നത് തൊഴില്‍ ദിനങ്ങള്‍ കുറച്ചേക്കും. പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. അപ്പോ പ്രിയപ്പെട്ടവരെ ഇന്ന് നിങ്ങള്‍ പറയൂ ചോദിക്കുന്നത് നല്ലൊരു പദ്ധതിയെ  രാഷ്ട്രീയം കലര്‍ത്തി വെട്ടണോ? തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നോ കേന്ദ്രം? പദ്ധതി മുഖം മിനുക്കുകയാണെങ്കില്‍ ഗാന്ധിയുടെ പേര് എന്തിന് മാറ്റണം. സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത എന്തിന്  നല്‍കണം. എന്താണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ ക്രഡിറ്റ് തടയാനുള്ള നീക്കമോ?