കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ അതിക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഈ വൈകുന്നേരം കേരളം കേട്ടത്. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛനാണ് അസിസ്റ്റന്‍റ് സര്‍ജനായ ഡോ. പി.ടി.വിപിന്റെ തലയ്ക്ക് വടിവാള്‍ കൊണ്ട് വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ തീരുമാനം. ഡോ.വന്ദന ദാസിന്റെ അരുംകൊലയ്ക്ക് ശേഷം ആശുപത്രികളില്‍ സുരക്ഷ കൂട്ടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‍വാക്കായോ? ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലേ?