ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയാണ് കേരളം 643 കിലോമീറ്റര്‍ നീളത്തില്‍, 45 മീറ്റര്‍ വീതിയില്‍ ദേശീയപാത 66നായി വഴിയൊരുക്കി കാത്തിരുന്നത്. രാജ്യാന്തരനിലവാരത്തില്‍ നിര്‍മിക്കുന്നെന്ന അവകാശവാദവുമായി രാജ്യത്തെ മുന്‍നിര കരാറുകാര്‍ തന്നെയാണ് നിര്‍മാണം ഏറ്റെടുത്തത്. എന്നിട്ടെന്തുണ്ടായി. ഒറ്റമഴയില്‍ തന്നെ വിള്ളലും പൊട്ടലുമായി സര്‍വത്ര നാശമായി നമ്മുടെ ദേശീയപാത.
കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാറുകാരായ KNR കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിരിക്കുന്നു. കണ്‍സള്‍ട്ടെന്‍റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കിട്ടു. നിര്‍മാണം നടക്കുന്ന സമയത്ത് നമ്മള്‍ കരുങ്ങിപ്പോയതെങ്ങനെയൊക്കെയാണ്. റോഡിലെ കുരുക്ക്, അതിനെടുത്ത സമയം, അതെല്ലാം നമ്മള്‍ സഹിച്ചത് എന്തുകൊണ്ടായിരിക്കും? പൊതുമരാമത്ത് മന്ത്രി പറഞ്ഞതുപോലെ, ഇതാ മലപ്പുറം ജില്ലകടക്കാന്‍ ഒരുമണിക്കൂര്‍ മതി, ഇനിനമ്മള്‍ തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ചീറിപ്പായും എന്നൊക്കെ മനസില്‍ ലഡുപൊട്ടിച്ചാണ്.
ഓരോ രണ്ടാഴ്ചയിലും ദേശീയപാതജോലികള്‍ റിവ്യൂ ചെയ്യും എന്നുപറഞ്ഞ, നിര്‍മാണ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു വിലയിരുത്തുന്നുണ്ട് എന്നും, ഇത് എന്‍എച്ചും പൊതുമരാമത്തുമായുള്ള ടീംവര്‍ക്കാണ് എന്നുമൊക്കെ പറഞ്ഞ് നിരന്തരം സോഷ്യല്‍മീഡിയയില്‍ റീല്‍സും പോസ്റ്റുമിട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കൂരിയാട് പാത തകര്‍ന്ന് നാലാംദിനമാണ് ഒന്നുമിണ്ടിയത്.
അതില്‍പറയുന്നു ദേശീയപാത തകര്‍ച്ചയെ പ്രതിപക്ഷം സുവര്‍ണാവസരമായി കാണുന്നു എന്ന്. അതിലൊതുക്കേണ്ടതാണോ പ്രതികരണം. ആരുടെ ഭാഗത്താണ് പാളിച്ചയെന്ന് പറയണ്ടേ? യഥാര്‍ഥത്തില്‍ നമ്മുടെ ദേശീയപാതയില്‍ തള്ളലോ വിള്ളലോ പ്രശ്നം. ദേശീയപാതാ വിവാദം സുവര്‍ണാവസരം ആക്കിയതാരാണ്?