സംസ്ഥാനത്ത് 600 കിലോമീറ്റര്‍ നീളുന്ന ദേശീയപാതയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. പണി പൂര്‍ത്തിയായ ഇടങ്ങളില്‍ പുതിയ റോഡിലൂടെ ഗതാഗതവും ആരംഭിച്ചു. തിങ്കളാഴ്ച മലപ്പുറം കൂരിയാട് എന്‍.എച്ച് 66ലെ കാല് കിലോമീറ്ററോളം ദൂരമാണ് ദേശീയപാത ഇടിഞ്ഞുതാഴ്ന്നത്. ജൂണ്‍ ഒന്നാം തിയതി ഉദ്ഘാടനം നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കാനിരുന്ന ഭാഗമാണ് ഒന്നാകെ തകര്‍ന്നുപോയത്. മലപ്പുറത്ത് തലപ്പാറയിലും എടരിക്കോട്ടും തൃശൂര്‍ ചാവക്കാട്ടും കാസര്‍കോട് കാഞ്ഞങ്ങാട്ടുമൊക്കെ ദേശീയ പാതയില്‍ വിള്ളലും ഇടിഞ്ഞുതാഴലും ഒക്കെ പിന്നാലെ സംഭവിച്ചു. കണ്ണൂരില്‍ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള വീടുകളിലേക്ക് ചെളിയും വെള്ളവും ഒഴുകിയെത്തിയതോടെ നാട്ടുകാരാകെ പെട്ടു. മഴയെ പഴിച്ച് തടിയൂരാനാണ് ദേശീയ പാത അതോറിറ്റിയുടെ ശ്രമം. മഴമൂലം അടിത്തറയിലുണ്ടായ സമ്മര്‍ദത്തില്‍ വയല്‍ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറിയതാണെന്നാണ് ദേശീയപാത അതോറിറ്റി കണ്ടെത്തിയ തിയറി. വയല്‍ഭാഗത്ത് വെറുതെ മണ്ണിട്ട് പൊക്കി ടാര്‍ ചെയ്താല്‍ റോഡാകുമോയെന്ന് ആര്‍ക്കും തോന്നും. ഈ റോഡുകള്‍ പണിത കരാറുകാര്ക്കൊഴിച്ച്. ദേശീയപാതാ നിര്‍മാണത്തിന് മുന്‍പ് പാരിസ്ഥിതിക പഠനം കൃത്യമായി നടത്തിയോ? വികസനത്തില്‍ വിള്ളലോ?