കായികലോകത്ത് ഇന്ന് ചര്‍ച്ചയായത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമാണ്. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. പതിനായിരം റണ്‍സ് എന്ന സ്വപ്നതുല്യ നേട്ടം വെറും 770 റണ്‍സ് അകലെ ബാക്കിയാക്കിയാണ് വെള്ളക്കുപ്പായത്തില്‍ നിന്നുള്ള പടിയിറക്കം. അടുത്ത ഇംഗ്ലണ്ട് പര്യടനം വരെ തുടരണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് പരമ്പരകളിലെ മോശം പ്രകടനമാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ശരിയായ സമയത്തെ തീരുമാനമെന്നും അതല്ല ഇനിയുമേറെ കാലം ബാക്കിയുണ്ടായിരുന്നെന്നും പ്രതികരണങ്ങള്‍. രോഹിത് ശര്‍മ വിരമിച്ചതിനാല്‍ വിരാട് കോലിയെ ഇംഗ്ലണ്ട് പരമ്പരയില്‍ ക്യാപ്റ്റനാക്കണമെന്ന മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നുവെന്ന കോലിയുടെ സമൂഹമാധ്യമ പോസ്റ്റ്. കാരണമെന്തായാലും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് പടിയിറങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്ലാസിക് മുഖം. യഥാര്‍ഥത്തില്‍ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ സമയമായോ?