തെരുവു നായ്ക്കളും അവയുടെ ആക്രമണവും നമുക്ക് ചുറ്റും വര്‍ധിച്ചു വരുകയാണ്. ഇന്നലെ പേവിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ സിയയെന്ന അഞ്ചുവയസുകാരി കേരളത്തിന്റെ മുഴുവന്കണ്ണീരാകുകയാണ്.തെരുവുനായയുടെ കടിയേറ്റതിന് തൊട്ടുപിന്നാലെ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റത് എങ്ങനെ എന്ന കുടുംബത്തിന്റെ ചോദ്യം മറ്റൊരു പ്രധാനപ്പെട്ട വിഷയം.
സിയയെ മാത്രമായിരുന്നില്ല തെരുവനായ ആക്രമിച്ചത്. സിയയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ച് കുട്ടികളേയും വളഞ്ഞിട്ട് ആക്രമിച്ചു. അവരുടെ ഒന്നും ആരോഗ്യനിലയില്‍ മറ്റ് പ്രശ്നങ്ങള്‍ ഇല്ല എന്നത് ഇതിനിടയിലും ഒരു ആശ്വാസമാവുകയാണ്. പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവമേ അല്ല. കേരളത്തിലുടനീളം തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. 2021 ല്‍ 11 പേര് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.2022 ആയപ്പോഴേക്കും അത് 27 ആയി. 2023 ല്‍ 25 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷം മാത്രം 26 പേര്‍ക്ക് ഇങ്ങനെ ജീവന് നഷ്ടമായി. ഈ വര്‍ഷം തുടങ്ങിയിട്ട് വെറും നാല് മാസം. പക്ഷേ സിയയുടേത് ഉള്‍പ്പടെ 13 ജീവനുകളാണ് തെരുവുനായ്ക്കള്‍ എടുത്തത്. ഇതിനൊരു ശ്വാശത പരിഹാരം വേണ്ട? ആര് നിയന്ത്രിക്കും ഈ തെരുവുനായ്ക്കളെ?എബിസി കേന്ദ്രങ്ങളിലൂടെയും ഷെല്‍ട്ടര്‍ ഹോമുകളിലൂടെയും പരിഹാരം മുന്നോട്ടുവച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനം എത്രത്തോളം കാര്യക്ഷമമാണ്?