lotus

ചെളിനിറഞ്ഞ വിശാലമായ കുളങ്ങളിൽ മാത്രമല്ല ശുദ്ധമായ വെള്ളത്തിലും താമരക്കണ്ണുകളുടെ സൗന്ദര്യം ആസ്വദിക്കാം. വയനാട് മീനങ്ങാടി ബിഷപ്പ് ഹൗസിലെ പൂന്തോട്ടത്തിൽ വിരിഞ്ഞ 'കുഞ്ഞൻ താമര'യാണ് ഇപ്പോൾ നാടിനാകെ കൗതുകമാകുന്നത്. സാധാരണ താമരപ്പൂക്കളില്‍ നിന്ന് ഒരൽപം വ്യത്യസ്തനാണിത്.

തണ്ടിന് പരമാവധി എട്ടോ പത്തോ ഇഞ്ചുമാത്രം ഉയരം. ഒരു ചായക്കപ്പിലോ ചെറിയൊരു ബൗളിലോ അനായാസം വളർത്താം. 'മൈക്രോ ലോട്ടസ്' അഥവാ 'ബൗൾ താമര' എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ വിസ്മയമാണ് മീനങ്ങാടി ബിഷപ്പ് ഹൗസിൽ പൂവിട്ടിരിക്കുന്നത്.

രണ്ടു മാസം മുൻപാണ് കൽപ്പറ്റ ബായ്സ് ഗാർഡനിലെ ഐസി വർഗീസ്, മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസിന് ഈ ചെടി സമ്മാനിക്കുന്നത്. മലേഷ്യയിൽ നിന്നുമെത്തിയ ഈ വിദേശി അതിഥി മറ്റു ചെടികൾക്കൊപ്പം വളർന്നുവന്നപ്പോൾ ഇത്രയും വലിയൊരു അദ്ഭുതം കരുതിവെച്ചിട്ടുണ്ടെന്ന് ആരും കരുതിയില്ല.  ദിവസങ്ങൾക്കുള്ളിൽ ഒന്നിനുപുറകെ ഒന്നായി മൂന്നു പൂക്കൾ വിരിഞ്ഞപ്പോഴാണ് 'മൈക്രോ ലോട്ടസിന്റെ' വരവ് അറിയുന്നത്.

പിങ്കും വെളുപ്പും നിറങ്ങൾ ചാലിച്ചെഴുതിയ അഴകാണ് ഈ കുഞ്ഞൻ പൂക്കൾക്ക്. നിറയെ ഇതളുകളോടെ വിടർന്നുനിൽക്കുന്ന ഈ മലേഷ്യൻ സുന്ദരി വെറും 45 മുതൽ 60 ദിവസങ്ങൾക്കകം തന്നെ പൂവിടും. ശുദ്ധജലത്തിലാണ് വളര്‍ച്ച.

ENGLISH SUMMARY:

Micro lotus, also known as bowl lotus, is currently attracting attention in Wayanad, Kerala. This miniature variety of lotus, originating from Malaysia, can be easily grown in small containers and blooms in a vibrant pink and white.