കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷവും ഒരേ വ്യക്തിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും രണ്ട് വ്യക്തികളായിരുന്നല്ലോ പ്രതിപക്ഷ നേതൃസ്ഥാനത്ത്. ആ രണ്ടുപേരില്‍ ഒരാള്‍ മുഖ്യമന്ത്രിയും രണ്ടാമത്തെയാള്‍ ആഭ്യന്തരമന്ത്രിയും ആയിരിക്കുമ്പോള്‍ ആ സര്‍ക്കാരിന്റെ പൊലീസ് ഭരണസിരാകേന്ദ്രത്തില്‍ ഒരുകൂട്ടം യുവാക്കളുടെ സമരപ്പന്തല്‍ പൊളിച്ചിടുന്നു. സമരക്കാരുടെ എല്ലാ ആവശ്യവും ഒരു സര്‍ക്കാരിന് നടപ്പാക്കാനാകുമോ? സങ്കീര്‍ണമാകും ഉത്തരം. മുന്‍ സര്‍ക്കാരുകളൊന്നും അങ്ങനെ ചെയ്തിട്ടില്ല. പലതും സാധ്യമല്ലായിരിക്കാം. ഈ സര്‍ക്കാരിനും ചെയ്തുകൊടുക്കാതിരിക്കാന്‍ കാരണങ്ങളുണ്ട്. എന്നുവച്ച് ജനാധിപത്യപരമായി സമാധാനപരമായി സമരം ചെയുന്ന, ജീവിക്കാനൊരു തൊഴില്‍ തേടുന്ന നമ്മുടെ സഹോദരങ്ങളോട് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്യാമോ? സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍, ആശാ സമരക്കാര്‍ എല്ലാവരെയും മഴനനഞ്ഞും വെയിലില്‍ വാടിയും സമരംചെയ്തത് കേരളം കണ്ടിട്ടുണ്ട്. തിരിഞ്ഞുനോക്കിയില്ലെന്നുമാത്രമല്ല, അധിക്ഷേപിച്ചും പരിഹസിച്ചുമാണ് അന്നാളുകളില്‍ ഭരണവര്‍ഗപാര്‍ട്ടി പ്രതികരിച്ചത്. അന്നുമീ പൊലീസ് ഉണ്ടായിരുന്നു. അന്നുമാ കോടതി ഉത്തരവുകളുമുണ്ടായിരുന്നു. ആശാ സമരപ്പന്തല്‍ ഒരിക്കെ പൊളിക്കുകയുംചെയ്തു. അന്നതിനെ എതിര്‍ത്ത് സമരക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചവര്‍ അധികാരത്തിലെത്തി ആറുമാസം തികയുംമുമ്പേ യുഡിഎഫ് സര്‍ക്കാര്‍ അതുതന്നെ ചെയ്താല്‍ പിന്നെന്താണ് സര് വ്യത്യാസം? പ്രതിപക്ഷത്തൊരു നിലപാട്, സര്‍ക്കാരിലെത്തിയാല്‍ സമരക്കാരും സമരപ്പന്തലും ചതുര്ഥിയോ? ഇതേ ജാഗ്രത കോടതികളുടെ എത്ര ഉത്തരവുകളോട് നമ്മുടെ പൊലീസും നിയമപാലകരും കാട്ടുന്നുണ്ട്? പതിറ്റാണ്ടിനുശേഷം മറ്റൊരു കാഴ്ചയും കേരളം കാണുകയാണല്ലോ. തൊഴിലന്വേഷകരുടെ സമരപ്പന്തലിലേക്ക് വലുപ്പച്ചെറുപ്പമില്ലാതെ സിപിഎമ്മിന്റെയും യുവജന–വിദ്യാര്‍ഥി സംഘടനകളുടെയും ഒഴുക്ക്? ഈ യുവജന–വിദ്യാര്ഥിസംഘടനകളൊക്കെ കഴിഞ്ഞ പത്തുവര്‍ഷം ഉറക്കത്തിലായിരുന്നോ അതോ കാശിക്കുപോയോ?