സംസ്ഥാനത്തെ എക്സൈസ് വകുപ്പില്‍ നടക്കുന്നത് എന്തൊക്കെയാണ്? ബാറുടമകളും എക്സൈസ് ഉന്നതരും തമ്മിലെ ബന്ധമെന്താണ്? ഈ ചോദ്യങ്ങളൊക്കെ മുമ്പും ഉയര്‍ന്നിട്ടുണ്ട്. ബാര്‍ കോഴ മുന്‍ യുഡിഎഫ് സര്‍ക്കാരിനുണ്ടാക്കിയ ഡാമേജടക്കം ആരും മറന്നിട്ടില്ലല്ലോ. ഇതാ ഇപ്പോള്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതും പുതുക്കലുമെല്ലാം മന്ത്രിയും എക്സൈസ് കമ്മിഷണറും തമ്മിലെ പരസ്യഭിന്നതയാകുന്നു, കമ്മിഷണറെത്തന്നെ സര്‍ക്കാര്‍ മാറ്റുന്നു.

അവിടെ എന്തെങ്കിലും തീരുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ ശരിക്കും അവിടെ തുടങ്ങുകയാണ് എന്നുവേണം കരുതാന്‍. സ്ഥാനമൊഴിയുംമുമ്പ് സീറാം സാംബശിവറാവു അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച നാലുപേജ് കുറിപ്പ് ശരിക്കും ഞെട്ടിക്കുന്നതാണ്. വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ എസ് വിനോദ്, അജയ്... ഇവര്‍ ബാറുടമകളില്‍നിന്ന് വാങ്ങിയെന്ന് കരുതുന്ന പണത്തിന്റെ കണക്ക്, ഇതില്‍ കായംകുളത്തെ ബാറുടമയെ എക്സൈസ് മന്ത്രിക്ക് നന്നായി അറിയാം, മന്ത്രി സംസാരിച്ചാല്‍ പണത്തിന്റെ കണക്ക് ബാറുടമ പറയുമെന്ന പരാമര്‍ശം.

ഇതേ ഉദ്യോഗസ്ഥന്‍ കോട്ടയത്ത്ത ഷാപ്പുടമയില്‍നിന്ന് ഒരുലക്ഷം കൈക്കൂലി വാങ്ങിയത്...അങ്ങനെ പലതും. എക്സൈസ് ഉദ്യോഗസ്ഥന് ബാറുണ്ട്, ബെനാമി പ്രോപ്പര്‍ട്ടിയുണ്ട്. പ്രിയപ്പെട്ട പ്രേക്ഷകരേ, എക്സൈസുകാര്‍ക്ക് ബാറുമടകള്‍ കൊടുക്കുന്ന പണം അവര്‍ രേഖപ്പെടുത്തുന്നത് എങ്ങനെയാണെന്നറിയാമോ? സന്തോഷപ്പണം. ഗുരുതരമായ മറ്റൊരു കാര്യം ജെഇസി വിനോദ് മുമ്പും പല കേസുകളിലും പെട്ടിട്ടുണ്ട്,

പക്ഷെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെട്ടിട്ടുമുണ്ടത്രേ. അതുകൊണ്ട് ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ എക്സൈസ് കമ്മിഷണര്‍ കണ്ട വഴിയും വിചിത്രമാണ്. അനധികൃത പണപ്പിരിവിന് സാധ്യത കുറഞ്ഞ എക്സൈസ് ഓഫിസുകളുണ്ടല്ലോ. അവിടെ എവിടെയെങ്കിലും നിയമിക്കുക. ഏതെങ്കിലും ചില ഉദ്യോഗസ്ഥരെക്കുറിച്ച് എക്സൈസ് കമ്മിഷണര്‍ എഴുതിയത് മാത്രമല്ല നമ്മളെ ഞെട്ടിക്കുന്നത്. വിജിലന്‍സ് അന്വേഷണവും അച്ചടക്കനടപടിയും നേരിടുന്നവരെ പരമാവധി ഒഴിവാക്കാന്‍ നോക്കിയെങ്കിലും ചില സെന്‍സിറ്റീവ് പോസ്റ്റുകളില്‍ ഇത്തരക്കാരെത്തന്നെ നിയമിക്കേണ്ടിവന്നുവെന്ന കുറ്റസമ്മതം. എല്ലാറ്റിനുമൊടുവില്‍ ഇതുകൂടി.

സാധാരണ എക്സൈസ് കമ്മിഷണറുടെ അപ്രൂവല്‍ വാങ്ങിയാണ് സ്ഥലംമാറ്റ–നിയമന ഉത്തരവുകള്‍ ഇറക്കാറെങ്കില്‍ താന്‍ അറിഞ്ഞുകൂടിയില്ല, 32 തസ്തികകളിലെ നിയമനം. ചോദിച്ചപ്പോള്‍ സംഘടനാപരമായും മന്ത്രി ഓഫിസ് തലത്തിലും ചര്‍ച്ച ചെയ്താണ് ലിസ്റ്റ് തയാറാക്കിയത് എന്ന മറുപടി. അപ്പോള്‍, എന്താണ് എക്സൈസ് വകുപ്പില്‍ നടക്കുന്നത്? അഴിമതിക്കാരുടെ വിളയാട്ടമോ? കളങ്കിതര്‍തന്നെയോ നിര്‍ണായക പോസ്റ്റുകളില്‍? മന്ത്രിക്കറിയാം ബാറുടമയെ എന്ന പരാമര്‍ശത്തിന്റെ അര്‍ഥവും ലക്ഷ്യവുമെന്താണ്? സര്‍ക്കാര്‍ അഥവാ മന്ത്രി എന്തുചെയ്യണം? എന്തുചെയ്യും

ENGLISH SUMMARY:

Malayala Manorama Online News reports on the shocking allegations of corruption, bribery, and administrative disputes involving the Kerala Excise Department and bar owners. The explosive note left by the former Excise Commissioner has exposed deep-rooted malpractice and political interference in official transfers.