കോളജ് ക്യാംപസിലെ സംഘര്‍ഷം കേരളത്തില്‍ പുതിയ കാര്യമല്ല. കത്തിമുനയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് എസ്എഫ്ഐയെന്നും കെഎസ്യുവെന്നും എബിവിപിയെന്നുമെല്ലാം അവകാശികളുണ്ടെങ്കിലും പോയതെല്ലാം ഉറ്റവര്‍ക്കാണ്. നാളെ തുണയാകുമെന്ന പ്രതീക്ഷകള്‍ക്കുമീതെയാണ് രക്തംവീണതെല്ലാം. എന്നിട്ടെന്ത് പഠിച്ചു? കാലംമാറി, ക്യാംപസുകള്‍മാറി, കോഴ്സുകള്‍ മോഡേണായി, എന്നിട്ടെന്ത് മാറി? കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്നലെ രാത്രി ഒരാശുപത്രിയില്‍ സംഭവിച്ചത് അമ്പരപ്പ്, ഭയം, ആശങ്ക പിന്നെന്തൊക്കെ തോന്നിപ്പിക്കുമോ അതൊക്കെയുണ്ട്. ക്യാംപസിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ കയറി കെഎസ്യു എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമമാണ്. എവിടേക്കാണീ വടികളുമായി പോകുന്നതെന്ന ബോധമില്ലാത്തപോലെ ഒരാശുപത്രിയിലേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നമ്മുടെ കുട്ടികള്‍. ആശുപത്രി മുറിക്കുള്ളിലും നിലത്ത് വീണൊരാളെ പിന്നെയും അടിക്കുന്ന ക്യാംപസ് രാഷ്ട്രീയക്കാരന്‍ നമ്മളോടെന്താണ് പറയുന്നത്? പിന്നാലെ എംഎസ്എഫ് നേതാക്കളുടെ വീടുകളില്‍ പെട്രോള്‍ ബോംബേറ്. പിന്നെ പകല്‍ പ്രതിരോധിക്കും ഞങ്ങളെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മുതല്‍ വാക്കുകളില്‍ ഒളിച്ചിരിക്കുന്ന അപായം. ഞങ്ങളൊന്നും ചെയ്തില്ലെന്ന എംഎസ്എഫുകാരുടെ നല്ലപിള്ളചമയല്‍. പതിനെട്ടും പത്തൊമ്പതും ഇരുപതും വയസുള്ളവരല്ലേ ഇവരെല്ലാം? ഒന്നടങ്ങു നിങ്ങള്‍. കണക്ക് തീര്‍ക്കാന്‍ ഈ രാത്രിയും ഇറങ്ങാന്‍ നില്‍ക്കുന്നവരേ, അവരെ നയിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളേ, ഒരുനിമിഷം ആലോചിച്ചിട്ട് ഇറങ്ങു. രക്ഷിതാക്കളെ, നിങ്ങളൊരല്‍പം അധികം ജാഗ്രതവയ്ക്കൂ. സംവാദത്തിന്റേതാകണം, സംഘര്‍ഷത്തിന്റേതല്ല രാഷ്ട്രീയമെന്ന് ഇവരെ ആര് പഠിപ്പിക്കും? സംഘര്‍ഷങ്ങളിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷിച്ച് മാതൃക കാട്ടുമോ നമ്മുടെ നിയമപാലകര്‍?