പൊലീസിന്‍റെ ഇന്റര്‍സെപ്റ്റര്‍ ഡ്യൂട്ടിയുടെ ഭാഗമായ സിജോ രവീന്ദ്രന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും രണ്ട് ദിവസമായി വൈറലാണ്. വാഹനപരിശോധനയ്ക്കിടെ ഹെല്‍മറ്റും റിയര്‍ വ്യൂ മിററുമില്ലാതെ വന്ന ഇരുചക്രവാഹന യാത്രക്കാരന് പിഴചുമത്തിവിട്ട പൊലീസുകാര്‍ ചെയ്തത് കൃത്യമായി ഡ്യൂട്ടി. പക്ഷെ ആ മനുഷ്യന്റെ കയ്യില്‍ ആ പിഴത്തുകമാത്രമേ ആകെയുള്ളുവെന്നും അതുകൊടുത്താല്‍ വീട്ടില്‍ കാത്തിരിക്കുന്ന നാലുവയസുകാരി പിറന്നാള്‍ക്കുട്ടി സങ്കടപ്പെടുമെന്നും അറിഞ്ഞ പൊലീസുകാരെന്തുചെയ്തു? എരുമേലി ടൗണില്‍ പോയി കേക്കുവാങ്ങി ഹാപ്പി ബര്‍ത്ഡേ വൈഗക്കുട്ടി എന്നെഴുതി, അവള്‍ക്ക് അങ്കണ‍വാടിയില്‍ കൊടുക്കാന്‍ ഒരു പാക്കറ്റ് മിഠായി വാങ്ങി, നല്ലൊരു കുഞ്ഞുടുപ്പും വാങ്ങി അച്ഛന് കൈയില്‍ കൊടുക്കുകമാത്രമല്ല, പിറന്നാളുകാരിയെ പോയി കാണാമെന്നുകൂടി തീരുമാനിച്ച ആ പൊലീസുകാരുണ്ടല്ലോ, പ്രിയപ്പെട്ട പൊലീസുകാരേ നിങ്ങളീ നാടിന്റെ ഭാഗ്യവും അഭിമാനവുമാണ്. ഒരുവീട്ടിലേക്കാണ് നിങ്ങള്‍ പോയതെങ്കിലും ഒരുകോടി ഹൃദയങ്ങളിലേക്കെങ്കിലും നിങ്ങള്‍ കയറിയിട്ടുണ്ടാകും. ഇന്നീ ചര്‍ച്ചക്ക് ആമുഖമായി ഇതെന്തിന് പറയണം എന്നാണെങ്കില്‍, ഇതാണ് നമ്മുടെ നാട് കാക്കുന്ന ശരാശരി പൊലീസുകാരന്‍. പക്ഷെ ആ പൊലീസുകാര്‍ എവിടെയെത്തുമ്പോഴാണ് ഓടുംകുതിര, ചാടുംകുതിര, വെള്ളംകണ്ടാല്‍ നില്‍ക്കും കുതിര ആകുന്നത്? കൊച്ചി ചേരാനല്ലൂരില്‍ പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങിയ ഒരു സാധു മനുഷ്യനെ ഇടിച്ചുകൊന്ന ചെറുക്കന്റെ സ്വാധീനം കാണുമ്പോഴാണ്. ഓടുന്ന നിയമം പിന്നെ നടക്കും, പിന്നെ ഇഴയും. പതിനേഴ് വയസേയുള്ളു പ്രതിക്ക്. ലൈസന്‍സില്ല വാഹനമോടിക്കാന്‍. അച്ഛന്‍ ജഡ്ജിയാണ്. അപ്പോ നിയമം എന്തുചെയ്തു? മരിച്ചവന്റെ ഉറ്റവരുടെ നേര്‍ക്ക് നോക്കിയ കണ്ണ് അടഞ്ഞുപോയി, എങ്ങനെ പയ്യനെ തുറന്നുവിടാമെന്നായി. അപഹാസ്യമാണ്, അപമാനമാണ് പിന്നെയുണ്ടായത്. സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതി പുറത്ത്. സ്വാഭാവിക നീതി യാചിച്ചുവാങ്ങാന്‍ പ്രതിഷേധിക്കേണ്ടിവന്ന പാവങ്ങളെ പിന്നെ കണ്ടു. ഒടുവില്‍ പാതിരാത്രി വീണ്ടുമാ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നു പൊലീസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുന്നു. അപ്പോ ഈ സംഭവം എന്താണ് ഈ നാടിനോട് പറയുന്നത്? ആ പഴയ ചൊല്ലുതന്നെയോ? പണവും സ്വാധീനവുമുള്ളവര്‍ക്ക്  മുന്നില്‍ വെറും ഗതികെട്ടവരോ അതില്ലാത്തവര്‍?

The Two Faces of Law Enforcement in Kerala :