നീതി തേടി ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ മക്കൾ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും കുടുംബത്തിന് ഉറപ്പുനല്‍കി. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ടു നിന്ന സമരം താൽകാലികമായി അവസാനിപ്പിക്കുമ്പോഴും ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ് ജയബാലകൃഷ്ണന്റെ കുടുംബം. ഡിസിപിയും കുടുംബവുമായി നടത്തിയ ചർച്ചകളൊന്നും സമവായത്തിൽ എത്തിയിരുന്നില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്റ്റേഷനിൽ എത്തി കുടുംബത്തെ കണ്ടു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയബാലകൃഷ്ണന്റെ മക്കളോട് ഫോണിൽ നേരിട്ട് സംസാരിച്ചു. പിന്നാലെയാണ് കുടുംബം സ്റ്റേഷനിൽ നിന്ന് പിരിഞ്ഞു പോകാൻ തയ്യാറായത്. എന്നാൽ നാലുമണിക്ക് മുൻപ് തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ചേരാനല്ലൂർ സ്റ്റേഷനു മുന്നിൽ സമരം തുടരുമെന്ന് കുടുംബം അറിയിച്ചു.
ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശപ്രകാരം എഡിജിപി നാളെ കൊച്ചിയിലെത്തും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ആഡംബര കാർ ഓടിച്ച 17 കാരന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. വാഹന ഉടമയും 17 കാരന്റെ അച്ഛനുമായ അഡീഷണൽ ജഡ്ജിയെ കേസിൽ പ്രതി ചേർത്തു. ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ജഡ്ജിക്കെതിരെ നടപടി കടുപ്പിക്കാനും ആഭ്യന്തരമന്ത്രി നിർദേശിച്ചു.