തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ആളിക്കത്തുകയാണ്. തെരുവിലിറങ്ങിയ വിദ്യാര്‍ഥി –യുവജന സഘടനാ പ്രവര്‍ത്തകരെയും ജനപ്രതിനിധികളടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും പൊലീസ് ഉരുക്കുമുഷ്ടികൊണ്ടാണ് കൈകാര്യംചെയ്തത്. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും പൊലീസ് വെറുതെവിട്ടില്ല. ജോണ്‍ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റിയശേഷം സിആര്‍പിഎഫ് ക്രൂരമായി പെരുമാറിയെന്നാണ് ആരോപണം. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്. പൊലീസ് വാഹനങ്ങള്‍ ഇടിമുറികളാക്കി മാറ്റിയെന്നാണ് വ്യാപകമായി ഉയര്‍ന്ന പരാതി. അതിനിടെ, പൊലീസിനെ അവരുടെ അധികാരപരിധി ഓര്‍മിപ്പിച്ചത് സുപ്രീംകോടതിയാണ്. സര്‍ക്കാരിന് മുകളില്ല പൊലീസെന്നും പ്രതിഷേധിക്കുന്നവരെ അന്യായമായി തടവിലാക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്. അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഏകാധിപത്യത്തിന്റെ അന്ത്യം ആരംഭിച്ചെന്നും പ്രതിഷേധത്തില്‍നിന്നും പിന്മാറില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് സിജെപി. നാളെയും ഡല്‍ഹി സമരകലുഷിതമാകുമ്പോള്‍ ഇവിടെ കേരളത്തില്‍ നിയമസഭയില്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും. പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാമെന്നാണോ കേന്ദ്രസര്‍ക്കാര്‍ വിചാരിക്കുന്നത്? തടങ്കലിലാക്കിയാല്‍ അടങ്ങുന്നതാണോ ഈ പ്രതിഷേധാഗ്നി?