തോമസ് ഐസക്കിന്‍റെ സ്വകാര്യ ബില്‍ഡര്‍ നിര്‍മിച്ച ഫ്ലാറ്റിനെക്കുറിച്ചല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തത്തില്‍ പണിത ഫ്ലാറ്റുകളെക്കുറിച്ചാണ് മുണ്ടംവേലിക്കാര്‍ പരാതിപ്പെട്ടത്. കൊച്ചിയിലെ മുണ്ടംവേലി ലൈഫ്മിഷൻ ഫ്ലാറ്റ് പാലാരിവട്ടം പാലത്തിൻറെ എൽഡിഎഫ് വേർഷനാണോ? കിടക്കാനൊരിടം ഇല്ലാത്ത, അങ്ങേയറ്റം ദരിദ്രരായ മനുഷ്യരെ കൊള്ളയടിച്ചതിൻറെ സ്മാരകമാണോ?15 കോടിയിലേറെ മുടക്കി നിർമ്മിച്ച പാർപ്പിട സമുച്ചയം, രണ്ടരവർഷത്തിനുള്ളിൽ താമസയോഗ്യമല്ലാതായി മാറിയതിൻറെ ഉത്തരവാദികൾ ആരാണ്? മെച്ചപ്പെട്ട പാർപ്പിടം വാഗ്ദാനം ചെയ്ത് തറക്കല്ലിട്ട മുൻ മുഖ്യമന്ത്രിയും താക്കോൽ കൈമാറ്റം ആഘോഷമാക്കിയ മുൻതദ്ദേശമന്ത്രിയും മൗനത്തിലാണോ? മുകൾ നിലയിലുള്ളവർ ടോയ്ലറ്റിൽ പോയാൽ മലിനജലം താഴെ താമസിക്കുന്നവരുടെ അടുക്കളയിൽ എത്തുന്ന ദയനീയാവസ്ഥയെ പോലും പരിഹസിക്കുകയാണോ മുതിർന്ന സിപിഎം നേതാക്കൾ? തൻറെ ഫ്ലാറ്റും ചോരുമെന്ന ക്യാപ്സ്യൂളിറക്കുന്ന മുൻ മന്ത്രി തോമസ് ഐസക്കിൻറെ മനോനിലയെ എങ്ങനെ വിശേഷിപ്പിക്കണം? അറ്റകുറ്റപ്പണി നടത്താൻ നിർമ്മാണത്തിന് ചെലവായതിൻറെ ഇരട്ടി മുടക്കണമെന്ന റിപ്പോർട്ട് നൽകിയത് ചൈന്നൈ ഐഐടിയാണ്. വിജിലൻസ് അന്വേഷണത്തിൽ കൊടിയ അഴിമതി വെളിപ്പെടുമോ? ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമോ? ഹതഭാഗ്യരായ പിആൻഡ്ടി കോളനി നിവാസികളെ സർക്കാർ മാന്യമായി പുനരധിവസിപ്പിക്കുമോ? വീടില്ലാത്തവരെ പോക്കറ്റടിച്ചവരാണോ കരുതലിനെക്കുറിച്ച് വാചാലരായത്?