ഇസെഡ് പ്ലസ് സുരക്ഷയുള്ള കേരള മുഖ്യമന്ത്രിയെ വഴിയില്‍ തടയാമോ? അങ്ങനെ ചെയ്താല്‍ ശിക്ഷാര്‍ഹമായ ഗൗരവമുള്ള കാര്യമാണെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ മനസിലായോ? പഴയ ആലപ്പുഴ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രേതമിങ്ങനെ വിടാതെ പിന്തുടരുന്ന സിപിഎമ്മുകാര്‍ക്ക് തിരിച്ചുചോദിക്കാന്‍ അവസരം കിട്ടിയ സമയമാണ്. പശ്ചാത്തലം ഇന്നലെ വൈകിട്ട് തിരുവനന്തപുരം ചേന്തിയില്‍ കണ്ട കാഴ്ച. ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞശേഷമുള്ള സംസാരത്തിനിടെ കോണ്‍ഗ്രസ് നേതാവില്‍നിന്നുതന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കുനേരെയുണ്ടായ മോശം പ്രതികരണം. ചേന്തിയിലെ ഗുരു അനുസ്മരണത്തിന് വരാമെന്നേറ്റ മുഖ്യമന്ത്രി പിന്നീട് പിന്മാറിയതിലെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് ഒരുവാദം. വരാമെന്ന് ഏറ്റിട്ടേയില്ലെന്ന് മറുപക്ഷം. എന്തായാലും അനില്‍ അറസ്റ്റിലായി. കോണ്‍ഗ്രസ് നേതാവ് പെട്ടെന്ന് റൗഡി ലിസ്റ്റിലെ അംഗവുമായി. റൗഡി ലിസ്റ്റിലുള്ളവര്‍ക്ക് കോണ്‍ഗ്രസിലെന്താണ് കാര്യമെന്ന ചോദ്യമവിടെയുണ്ട്. അത് ചോദിച്ചാല്‍ കോണ്‍ഗ്രസുകാര്‍ സിപിഎമ്മിലേക്കോ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കോ ഒക്കെ ചോദ്യം മറിച്ചുവിറ്റേക്കാം. മൂന്ന് പൊലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ കേസുള്ള ആളെങ്ങനെയാണ് നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവായി ഇരിക്കുന്നത്. ഇങ്ങനെ ഉപചോദ്യമേറെയുണ്ട്. എന്നാലും നമുക്ക് പ്രധാന ചോദ്യത്തിലേക്ക് മടങ്ങിവരാം. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞാല്‍ ഗൗരവമുള്ളകാര്യമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ മനസിലായോ എന്ന മറുപക്ഷത്തിന്റെ ചോദ്യത്തിന് പ്രസക്തിയെത്രയുണ്ട്? എത്ര പ്രസക്തിയുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനക്കേസിലെ തല്ലിച്ചതയ്ക്കലിന് ഗുഡ് സര്‍ട്ടിഫിക്കറ്റോ ന്യായമോ ആവുമോ?