പൊതുസ്ഥലത്ത് സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കെ.കെ ശൈലജ. കാലത്തിന് നിരക്കാത്ത പ്രസ്താവനയാണിതെന്നും സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമാണെന്നും ശൈലജ തുറന്നടിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. മുസ്​ലിം പെണ്‍കുട്ടികളുടെ ഓണാഘോഷം സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെയായിരുന്നു കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

കെ.കെ ശൈലജ പങ്കുവച്ച കുറിപ്പ്

'സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്​ലിം സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്. അവരിൽ എംഎൽഎമാരും മുന്‍സിപ്പൽ ചെയർപേഴ്സൺമാരും പഞ്ചായത്ത് പ്രസിഡന്‍റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്‌ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്‌നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവർ പൊതു സ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിങ്ങുകളിൽ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല.  സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല' എന്നും ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സ്റ്റേജുകളിലും അന്യപുരുഷന്‍മാര്‍ക്കിടയിലും സ്ത്രീകളെ കൊണ്ടുവരരുതെന്നായിരുന്നു എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ വിവാദ പ്രസ്താവന. 'ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങളുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവവമായി കാണണമെന്നുമാണ്' സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. കാന്തപുരത്തിന്‍റെ ഈ പ്രസ്താവനയും സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കാന്തപുരം പറഞ്ഞത് വിശ്വാസികളോടാണെന്നും അത് ഉള്‍ക്കൊളളുന്നവര്‍ക്ക് ഉള്‍ക്കൊളളാമെന്നും തളേളണ്ടവര്‍ക്ക് തളളാമെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ കാലം ഇത്രയധികം മുന്നോട്ട് പോയിട്ടും മതപണ്ഡിതന്മാര്‍ സ്ത്രീ സ്വാതന്ത്രത്തില്‍ കൈകടത്തുന്നതും വിലക്കുകളേര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാകില്ലെന്നാണ് മറ്റൊരു വിഭാഗം വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

KK Shailaja criticizes the Samastha's statement against bringing women into public spaces, calling it an outdated and anti-women declaration. She asserts that confining women to homes is a feudal practice and highlights the active participation of educated Muslim women in various professional and public roles in Kerala.