വീണ്ടും മഴ കൊണ്ട് മുറിവേല്‍ക്കുകയാണ് കേരളത്തിന്. ഒരൊറ്റദിവസത്തെ പെരുംപെയ്ത്തില്‍ നഷ്ടമായത് ഏഴ് ജീവനുകളാണ്. അതില്‍ നാലും കുട്ടികള്‍. കോട്ടയത്ത് ഉരുള്‍പൊട്ടല്‍, മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മരണം, ഇടുക്കിയില്‍ മണ്ണിടിച്ചില്‍.. മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, പാലാ, ആറന്മുള, റാന്നി ടൗണുകളും വടക്കന്‍ കേരളത്തില്‍ കൊമ്മേരി, ഈങ്ങാപ്പുഴ പ്രദേശങ്ങളും അടക്കം വിവിധയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ന്നു. ജീവിതം വീണ്ടും പ്രളയത്തിന്റെ ഓര്‍മകളിലേക്ക് തിരികെപ്പോകുന്നു. അന്നത്തെപ്പോലെ ഇന്നും കാണാം നാടൊന്നിക്കുന്ന രക്ഷാപ്രവര്‍ത്തന മാതൃകകള്‍. വരും മണിക്കൂറുകളിലും അതിതീവ്രമഴ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോള്‍ സ്വസ്ഥമായി ഉറങ്ങാനാവാത്ത സ്ഥിതിയിലാണ് നാട്. എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടേണ്ടത്? എങ്ങനെയാണ് ജാഗ്രത പാലിക്കേണ്ടത്? എന്തൊക്കെ മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു?