ആശുപത്രികള്‍ക്കുള്ളില്‍ പാര്‍ട്ടി അടയാളങ്ങള്‍ വച്ച് പൊതിച്ചോറ് വിതരണം ചെയ്യുന്നതിന് തടയിടുകയാണ് ആരോഗ്യമന്ത്രി. വലിയ പുകിലും പ്രതിഷേധവും വിളിച്ചുവരുത്തി കെ. മുരളീധരന്റെ വാക്കുകള്‍. ഇന്നൊടുവില് മന്ത്രിയുടെ വിശദീകരണക്കുറിപ്പ് വരുന്നു.‘ ഒരിടത്തെയും രോഗികളുടെ ഭക്ഷണവിതരണം തടഞ്ഞിട്ടില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലെ യോഗതീരുമാനമാണ് പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ട’, എന്ന്.. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിവച്ചും സ്റ്റിക്കര്‍ ഒട്ടിച്ചും ഒരു സംഘടനയും പൊതിച്ചോര്‍ നല്‍കേണ്ട... അതാണ് യുഡിഎഫ് തീരുമാനം. അത് നടപ്പാക്കും എന്ന ഉറച്ച നിലപാടിന് മയമുണ്ട് ഇപ്പോള്‍. അപ്പോഴും പക്ഷേ ചോദ്യം ബാക്കി.. കൊടിവച്ചും ഫ്ലക്സ് വച്ചും പൊതിച്ചോറ് നല്കിയാല് എന്താണ് കുഴപ്പം ? നാലാള്‍ക്ക് ഉപകാരപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തനം ആര് ചെയ്താലും അസഹിഷ്ണുത എന്തിന്? അന്നം മുടക്കാനാണോ ചോറിന്റെ പേരിലെ പോര്?