പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണശേഷം തരംഗമായി അധികാരമേറിയ യുഡിഎഫ് സര്‍ക്കാര്‍ ആദ്യമന്ത്രിസഭായോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനക്കേസ് എസ്ഐടി രൂപീകരിച്ച് വീണ്ടും അന്വേഷിക്കും എന്നതായിരുന്നു. ഇതാ അഞ്ച് പൊലീസുകാര്‍ ആ നിയമവിരുദ്ധ പ്രവര്‍ത്തിക്ക് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

നരഹത്യക്കുറ്റമടക്കം ചുമത്തപ്പെട്ട നിലയുമാണ്. ഇന്നിതാ രണ്ടാമതൊരു എസ്ഐടി രൂപീകരിക്കപ്പെടുന്നു. 2024ലെ വടകര ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തെ വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ട് അന്വേഷിക്കാനാണ് സംഘം. എന്താണാ കേസ്? ഇടതു സ്ഥാനാര്‍ഥിയായ കെകെ ശൈലജക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചു എന്നതായിരുന്നു ആക്ഷേപം.

ആശയക്കുഴപ്പമൊന്നുമില്ലാതെ ജനം ഷാഫിയെ ജയിപ്പിക്കുകയും ശൈലജയെ തോല്‍പ്പിക്കുകയും ചെയ്തു. പക്ഷെ ആരാണ് ആ ഹീനകൃത്യം ചെയ്തത് എന്ന് തെളിയണ്ടേ? പൊലീസ് അന്വേഷിച്ചു. എല്‍ഡിഎഫിന്റെ പരാതിയില്‍ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരെ കേസെടുത്തു. പക്ഷെ കാസിമല്ലെന്ന് തെളിഞ്ഞു.

പിന്നെയും അന്വേഷിച്ചു. ഡിവൈഎഫ് ഐ പ്രാദേശിക നേതാവ് റിബേഷ് എന്നയാളിലേക്കെത്തി. ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. ഫലത്തിന് കാക്കാതെ പക്ഷെ പൊലീസ് കേസ് അവസാനിപ്പിക്കാന്‍ തുനിഞ്ഞു. പ്രതികളിലേക്കെത്താനായില്ല എന്നുകാണിച്ച്. ഇപ്പോള്‍ കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുല്ലയുടെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുന്നത്.

നേര് തെളിയുമോ? പാതിവഴിയിലെന്തിന് പൊലീസ് സത്യത്തിലേക്കുള്ള പാത അടച്ചു എന്ന് തെളിയുമോ? ആലപ്പുഴ രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ എല്‍ഡിഎഫിനുള്ള അടുത്ത അടിയാകുമോ അന്വേഷണം? 

ENGLISH SUMMARY:

Malayala Manorama Online News reports on two significant SIT investigations ordered by the new UDF government in Kerala. The first concerns the Alappuzha rescue operation case, leading to the suspension of five police officers, while the second will re-examine the controversial 'kafir' screenshot incident from the 2024 Vadakara Lok Sabha elections.