പതിനഞ്ചുവര്‍ഷംമുമ്പ് അവസാനം കണ്ടതും പിന്നീട് അന്യം നിന്നതുമായ പലതും കേരളം വീണ്ടും കാണുകയാണ്. കോണ്‍ഗ്രസ് ഒരു മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ഒരു കണ്‍ഫ്യൂഷനുമില്ലാതെ രണ്ടരക്കോടി വോട്ടര്‍ തീരുമാനമെടുത്തെങ്കിലും കോണ്‍ഗ്രസിലെ നേതൃസംഘത്തിന് പതിവുപോലെ അതെളുപ്പമല്ല. എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്തുവന്ന് എംഎല്‍എമാരെ കണ്ടു. നേതാക്കളെ കണ്ടു. ഘടകകക്ഷികളെ കണ്ടു. ഇനി നാളെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ അറിയാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. കണ്ടറിയണം. 45 പേരുടെ പിന്തുണയുണ്ടെന്നാണ് കെസി വേണുഗോപാല്‍ പക്ഷം പറയുന്നത്. 35 പേരുടെ പിന്തുണയുണ്ടെന്ന് വിഡി സതീശന്‍ പക്ഷം. 23 പേരുടെ പിന്തുണയുണ്ടെന്നും രമേശാണ് രണ്ടാംസ്ഥാനത്തെന്നും അദ്ദേഹത്തിന്റെ പക്ഷം. ഇതെല്ലാം കൂട്ടി നോക്കിയാല്‍ കോണ്‍ഗ്രസിന്റെ ആകെ എംഎല്‍എമാരുടെ സംഖ്യ നൂറിനപ്പുറം പോകും എന്നതാണ് വിചിത്രം. ആര് മുഖ്യമന്ത്രിയാകും? ആ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രധാനമെന്താണ്?