കേരളമടക്കം എല്ലായിടത്തും നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അടുത്തമാസം നാലിനുതന്നെയല്ലേ? നാലായോ? വോട്ടെണ്ണിയോ? യുഡിഎഫ് ജയിച്ചോ? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയാരാകണമെന്നതില്‍ നേതാക്കളുടെ അഭിപ്രായംതേടിയോ? ഇതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും ഇതൊക്കെ ആയോയെന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ തെറ്റ് പറയരുത്. ആ മട്ടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തെളിഞ്ഞും മറഞ്ഞും നടക്കുന്ന സംഭവങ്ങള്‍. മേയ് നാലിന് രാവിലെയൊരു പതിനൊന്നുമണിയോടെ നമുക്ക് ആ വലിയ ജനവിധി അറിയാം. എന്നുവച്ചാല്‍ കൃത്യം 17 ദിവസം കാത്തിരുന്നാല്‍ മതി. അത്രയും കാക്കാതെതന്നെ ഇക്കൂട്ടരീ കാട്ടുന്നതെന്താണ്? ജയമുറപ്പിച്ചോ കോണ്‍ഗ്രസ്? മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈ പേരുയര്‍ത്തലിനുള്ള കോണ്‍ഫിഡന്‍സ് എന്താണ്? ഒന്ന് കാത്തിരുന്നുകൂടേ ഇവര്‍ക്കൊക്കെ? അതോ ഈ കാണുന്നത് യുഡിഎഫ് ജയിച്ചാല്‍ അന്ന് കാണേണ്ടതിന്റെ സാംപിളോ?