ഫലംവരും മുൻപെ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങളിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി. പേര് ഉയർത്തിയുള്ള ചർച്ചകൾ ഒഴിവാക്കണമെന്നാണ് മുസ്ലീംലീഗ് ഉൾപ്പെടെ കക്ഷികളുടെ നിലപാട്. വിജയത്തിന്റെ ശോഭ കെടുത്തുന്ന ചർച്ചകളിൽ നിന്ന് നേതാക്കളെ പിന്തിരിപ്പിക്കണമെന്നും ഘടകകക്ഷികൾ ആവശ്യപ്പെടുന്നു. പരസ്യപ്രതികരണങ്ങൾ തടയുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ചപ്പറ്റിയെന്ന് അഭിപ്രായമുള്ള ഘടകകക്ഷി നേതാക്കൾ, മുൻനിര നേതാക്കൾ തന്നെ പക്ഷംപിടിച്ച് രംഗത്തെത്തിയത് ശരിയായില്ലെന്ന നിലപാടിലാണ്. ഹൈക്കമാൻഡ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് പറയുന്ന ഘടകക്ഷികൾ, അനവസരത്തിലുള്ള ചർച്ചകളിലാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. 

കോൺഗ്രസിൽ മുഖ്യമന്ത്രിചർച്ച രൂക്ഷമായി തുടരവേ കെ.സുധാകരൻ ഇന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ആരാകണമെന്ന തന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കുമെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം കെ.സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല എന്നാണ് സുധാകരന്റെ വാദം. 

അതേസമയം, കെ.സുധാകരന്റെ പ്രസ്താവനകൾക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ കരുതുന്നത്. കെ.സുധാകരൻ മുഖ്യമന്ത്രി ചർച്ച തുടരുന്നതിലും അത്യപ്തിയുണ്ട്. പൊതുവിടത്തിലെ ചർച്ചകൾ ഗുണം ചെയ്യില്ല എന്നാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തൽ.

ENGLISH SUMMARY:

Growing dissatisfaction among UDF coalition partners regarding the public statements by Congress leaders about the Chief Minister post even before the election results are declared. They believe these premature discussions tarnish the potential victory and urge leaders to refrain from such debates, expressing concerns about the timing and the perceived inaction of the Congress leadership.