നവോത്ഥാന കേരളമെന്നോ സാംസ്കാരിക കേരളമെന്നോ ഇനിയും വിളിക്കാന്‍ നമുക്കാകുമോ? ജാതിവെറിയുടെ, വര്‍ണവെറിയുടെ ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ പട്ടികയിലേക്ക് നിതിന്‍ രാജ് എന്ന വിദ്യാര്‍ഥിയുടെ പേര് കൂടി എഴുതിച്ചേര്‍ക്കാം. അധ്യാപകവേഷം കെട്ടിയ നരാധമന്‍മാര്‍ വേട്ടപ്പട്ടികളെ പോലെ അവനെ ആക്രമിച്ചു. മാനസികമായി വേട്ടയാടി അവര്‍ ആനന്ദിച്ചു. സഹപാഠികളുടെ മുന്നില്‍വച്ച് ഡെന്‍റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് നിതിന്റെ സഹോദരി പറഞ്ഞത്. പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്നും പരാതിപ്പെട്ടാല്‍ ശവമായിരിക്കും കൊണ്ടുപോവുകയെന്നും ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു. വെള്ള കോട്ടിട്ട് കാണാന്‍ ആഗ്രഹിച്ചവനെ വെള്ള പുതച്ച് കൊണ്ടുവന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയമുള്ളവര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. സിദ്ധാര്‍ത്ഥന്‍റെ അമ്മ പറഞ്ഞതുപോലെ, നമ്മള്‍ ഒന്നും പഠിച്ചില്ല, ഇവിടെ ഒന്നും മാറിയില്ല. കുറ്റവാളികള്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിതിന്‍ രാജെന്ന വിദ്യാര്‍ഥിയെ കൊല്ലാക്കൊല ചെയ്തതിന് ആരാണ് ഉത്തരവാദികള്‍?