പോ മോനേ ദിനേശാ എന്ന് വിളിച്ച് പിന്നെയത് പോ മോനേ വിജയാ എന്നാക്കി നേമത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊട്ടിച്ച ബോംബ് ഇന്നങ്ങ് നിന്ന് പൊട്ടുകയാണ്. രേവന്ത് റെഡ്ഡിയെ ഡാഷ് മോനേ രേവന്തേ എന്ന് തിരിച്ച് വിളിച്ച് മറുപടി പിന്നാലെ വരുന്നുണ്ടെന്ന് പിണറായിയുടെ തിരിച്ചടി. പോ മോനേ വിജയാ ആവര്‍ത്തിച്ച് ഇന്ന് രേവന്ത്. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍, ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ അയച്ച കത്തിലുമുണ്ട് പോ മോനേ വിജയാ. ഇതെന്ത് രാഷ്ട്രീയമാണ് ബഹുമാനപ്പെട്ട ഉന്നത രാഷ്ട്രീയനേതാക്കളേ? ഉത്തരവാദപ്പെട്ട മുഖ്യമന്ത്രിമാരേ? രാഷ്ട്രീയം പറയാനും പോരടിക്കാനും നമുക്കിനി ഈ ഭാഷയാണോ? അണികളെ ആവേശത്തിലാഴ്ത്തുമ്പോഴും ഇരിക്കുന്ന പദവിയുടെ ഔന്നത്യം ഇവരോര്‍ക്കുന്നില്ല എന്നാണോ? സൈബര്‍ ഇടത്തെ ആവേശഭാഷ, അധിക്ഷേപ ഭാഷ സ്വന്തം നാവിലേക്ക് ആവാഹിക്കുമ്പോള്‍, മറക്കാന്‍ പാടില്ലാത്ത ചിലത് ഇവര്‍ മറക്കുന്നതെന്താണ്? ഓര്‍ക്കേണ്ട ചിലത് ഓര്‍ക്കാത്തതെന്താണ്?