അങ്കം കുറിച്ചു, ഏപ്രില്‍ 9. ഇന്നേക്ക് കൃത്യം 25 ആം നാള് ജനായത്ത കേരളം വിധിയെഴുതും. ഈ സര്‍ക്കാര്‍ തുടരുമോ തെറിക്കുമോ എന്ന് അന്ന് നിശ്ചയിക്കപ്പെടും. ആ നിര്‍ണയ ദിവസത്തിലേക്ക്, വോട്ട് പിടിത്തത്തിന് കൃത്യം 23 രാപകലിന്റെ നേരം മാത്രമേയുള്ളു. അത്ര ചുരുങ്ങിയ നേരമായതിനാല്‍ ഒന്നുറപ്പിച്ച് പറയാം.. കത്തുന്ന വെയിലിന്റെ ചൂടിനെ വെല്ലുംവിധം..
വോട്ടുചൂട് ഇനിയുള്ള മൂന്നാഴ്ച നാമറിയും, അനുഭവിക്കും. രാഷ്ട്രീയ പ്രചാരണം കൊണ്ട് കളമുഴുതുമറിക്കപ്പെടും. ഇന്ന് കമ്മിഷന് തിയതി അറിച്ചതില്‍ പിന്നെ ഞെടിയിട അമാന്തമില്ലാ നമ്മള് കണ്ടു. സിപിഎം, സിപിഐ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍. തെരുവായ തെരുവ് ചുവപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിളംബര ജാഥകള്‍. അക്കാര്യത്തില്‍ ഇന്ന് ഒരുപടി മുന്നേ നിന്നു എല്‍ഡിഎഫ്.
ഒട്ടും വൈകില്ല, 24 മണിക്കൂറേ വേണ്ടൂ എന്ന്, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് UDF. നാളെ 32 സീറ്റിലെ ആദ്യപട്ടിക പറയുമെന്ന് നേതാക്കള്‍. ഏറ്റവും വൈകി പ്രഖ്യാപിക്കുക എന്‍ഡിഎ ആണെന്നും വ്യക്തമായി.
മറ്റന്നാള്‍ പ്രതീക്ഷിച്ചാല്‍ മതി BJP പട്ടിക. അങ്കത്തട്ടില്‍ ആദ്യം കണ്ടത് ആരുടെ കുതിപ്പ് ? ഫിനിഷിങ് പോയ്ന്റില്‍ ആര് കിതയ്ക്കും ? മെയ് നാലിന് ഈ സര്‍ക്കാര്‍ തുടരുമോ തെറിക്കുമോ ?