ആവര്‍ത്തിക്കുന്ന ചികിത്സാപ്പിഴവുകള്‍ക്കെതിരെ കണ്ണൂരില്‍ കെഎസ്‍യു നടത്തിയ പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജില്ലാ ആശുപത്രി ഐസിയുവില്‍ ചികിത്സയിലാണ്. കഴുത്തിലും കയ്യിലും പരുക്കേറ്റെന്നാണ് വിവരം. കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ ക്രൂരമായി ആക്രമിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന മന്ത്രിയെ ആശുപത്രിയിലെത്തി കണ്ട മുഖ്യമന്ത്രി പ്രതികരിച്ചത്, നടന്നത് രാഷ്ട്രീയ ആഭാസമെന്നാണ്. എന്നാല്‍ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് പറയുന്ന കെ.എസ്.യു, തെളിവുണ്ടെങ്കില്‍ പുറത്തുവിടാനും വെല്ലുവിളിക്കുന്നു. വീണാ ജോര്‍ജിന്റേത് മോണോ ആക്ട് എന്നാണ് പരിഹാസം. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളോ തെളിവോ ഇല്ലെന്ന് പ്രതിപക്ഷനേതാവും പറഞ്ഞു. അതേസമയം, ഈ രാത്രിയിലും സംസ്ഥാന വ്യാപകമായി സിപിഎമ്മിന്റെ ശക്തമായ പ്രതിഷേധമാണ് നാടെങ്ങും കാണുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്തമാസക്തമായി.ഇതോടെ വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ സുരക്ഷയും വര്‍ധിപ്പിച്ചു. കൗണ്ടര്‍ പോയിന്റ് ചോദിക്കുന്നു. അതിരുവിട്ടോ പ്രതിഷേധം?