നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വര്ണക്കൊള്ളയിലുള്പ്പെടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനകീയ വിചാരണ നടത്താനൊരുങ്ങുകയാണ് പ്രതിപക്ഷം. തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി തിരിച്ചറിഞ്ഞ് പ്രതിപക്ഷത്തെയും പ്രതിക്കൂട്ടിലാക്കുകയാണ് ഇടതുപക്ഷം. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പിന്നാലെ ആന്റോ ആന്റണി എംപിയും എസ്ഐടിയുടെ ചോദ്യമുനയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. രാഷ്ട്രീയപ്രേരിതമായ ഈ നീക്കങ്ങളെ പേടിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മറുവശത്ത്, പറഞ്ഞതെല്ലാം പൊളിഞ്ഞുവീഴുന്ന അവസ്ഥയിലാണ് സിപിഎം നേതാവും കൊള്ള നടന്ന കാലത്തെ ദേവസ്വം മന്ത്രിയുമായ കടംപള്ളി സുരേന്ദ്രന്. പോറ്റിയുടെ വീട്ടില്‍ ഒരുതവണയേ പോയിട്ടുള്ളൂവെന്ന് കടകംപള്ളി പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഇന്ന് പുറത്തുവന്ന ചിത്രം. അപ്പോഴും ഓര്‍മക്കുറവെന്ന് പറഞ്ഞ് തടിതപ്പുകയാണ് മുന്‍ മന്ത്രി. തൊണ്ടിമുതല്‍ കണ്ടെത്താനാകാതെ, നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവെത്രയെന്നതില് വ്യക്തതയില്ലാതെ, ആരൊക്കെ പങ്കുപറ്റിയെന്നതറിയാതെ എസ്ഐടി അന്വേഷണം ഇപ്പോഴും സങ്കീര്‍ണമായി തുടരുകയാണ്. അതിനിടയിലെ ഈ രാഷ്ട്രീയനാടകങ്ങള്‍ ആരെ രക്ഷിക്കാനാണ്. സ്വര്‍ണക്കൊള്ളയില്‍ നടക്കുന്നത് ബാലന്‍സിങ് തന്ത്രമോ?