ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ സുപ്രധാന ഉത്തരവിലെ വിവരങ്ങള്‍ കേട്ട് അത്ഭുതമോ ഞെട്ടലോ ഒക്കെയായി ഇന്നലെ കേരളം ഉറങ്ങിയെങ്കില്‍ ഇന്നുണരുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അതിവിപുല റെയ്ഡിനെക്കുറിച്ച് കേട്ടാണ്. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമായി 21 ഇടത്താണ് ഒരേസമയം ഇഡി റെയ്ഡ് ചെയ്തത്. അതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനം, എ.പത്മകുമാറടക്കം പ്രതികളുടെ വീടുകള്‍, ഗോവര്‍ധന്റെ ജ്വല്ലറി.. എല്ലാമുണ്ട്. ചെന്നൈയ്ക്ക് പുറമെ കര്‍ണാടകയിലെത്തിച്ചും സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന നിഗമനത്തിലാണ് ഇ.ഡി. ഇതേദിവസം ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ശബരിമല സന്നിധാനത്ത് ആണ്. ശ്രീകോവിലിന്റെ പഴയ ഭാഗങ്ങളും പഴയ കൊടിമരത്തിന്റെ ഭാഗങ്ങളുമെല്ലാം പരിശോധിക്കുകയാണ് സംഘം. ഇതിനൊപ്പം മനസിലാക്കുന്ന ഒരു കാര്യം സ്വര്‍ണക്കൊള്ളയുടെ ആഴമിനിയും കൂടുമെന്നതാണ്. ശ്രീകോവിലിന്റെ പഴയ വാതിലിലെ സ്വര്‍ണവും തട്ടിയെന്നാണ് സംശയം. അപ്പോള്‍, ഇനിയാരൊക്കെയാണ് ചോദ്യമുനയിലേക്കും അറസ്റ്റിലേക്കും? ഇ.ഡിയുടെ വരവ് ഈ കേസിനെ ഏത് ദിശയില്‍ നയിക്കും? എസ്ഐടി നല്ല നിലയില്‍ അന്വേഷിക്കുമ്പോള്‍ ഇഡി വേണോയെന്ന സര്‍ക്കാരിന്റെ ചോദ്യത്തില്‍ മെറിറ്റുണ്ടോ?