ശബരിമലയില്‍നിന്ന് സ്വര്‍ണം കടത്തിയെന്നത് ഉറപ്പാണ്. അതെവിടേക്ക് പോയി എന്ന് പറയാറായില്ല. അതിനിടയില്‍ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന ആക്ഷേപംവന്നു. ആരോപണവിധേയനായ ഡി മണിയെ എസ്ഐടി തമിഴ്നാട്ടില്‍പോയി കണ്ടു. ആ മണി താനല്ലെന്നാണ് ഈ മണി പൊലീസിനോട് പറഞ്ഞത്. അയാളുടെ ദൃശ്യങ്ങളും കേരളമിന്ന് കണ്ടു. പക്ഷെ അതിനൊപ്പം വലിയൊരു ചര്‍ച്ച മറ്റ് രണ്ട് ദൃശ്യങ്ങളെക്കുറിച്ചാണ്. ഒന്ന് മുഖ്യമന്ത്രിക്കൊപ്പം നിന്ന ഉണ്ണികൃഷ്ണന്‍ പോറ്റി. രണ്ട് സോണിയാഗാന്ധിക്കൊപ്പം നിന്ന ഉണ്ണികൃഷ്ണന്‍ പോറ്റി. മുഖ്യമന്ത്രിക്കൊപ്പം നിന്നത് എപ്പോള്‍, എങ്ങനയെന്ന് ഇന്ന് ഒരു വിഡിയോ പുറത്തുവന്നപ്പോള്‍ ഏതാണ്ട് വ്യക്തമായി. എന്നാല്‍ സോണിയാഗാന്ധിക്കൊപ്പം നിന്നത് എങ്ങനെയെന്ന് വ്യക്തമല്ല. അതില്‍ അന്ന് ഒപ്പമുണ്ടായിരുന്ന അടൂര്‍ പ്രകാശ് പറഞ്ഞതും വ്യക്തമല്ല. മുഖ്യമന്ത്രി പോറ്റിയുടെ ചെവിയില്‍ പറയുന്ന ദൃശ്യം വ്യാജമാണെന്ന ആത്മവിശ്വാസത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി കോണ്‍ഗ്രസിനോട് ചോദിക്കുന്നു, സോണിയയെ പോറ്റി കണ്ടതെന്തിനെന്ന് പറയാന്‍ ആര്‍ജവമുണ്ടോയെന്ന്. അതുതന്നെയാണ് പ്രധാന ചോദ്യം. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി കണ്ടതെന്തിനാണ്? ആ കൂടിക്കാഴ്ച നടന്നതെങ്ങനെയാണ്? ഒപ്പം ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ട് സ്വര്‍ണക്കൊള്ളയിലെ പ്രധാന ചോദ്യങ്ങള്‍ അടങ്ങുമെന്ന ഒരു തരി കോണ്‍ഫിഡന്‍സെങ്കിലും സിപിഎമ്മിനോ സര്‍ക്കാരിനോ ഉണ്ടോ?