നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് രാഷ്ട്രീയ കേരളം വിശേഷിപ്പിച്ച തദ്ദേശതെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ എൽഡിഎഫ് നിലംപരിശായതെങ്ങനെ? ശക്തമായ ഭരണവിരുദ്ധവികാരം പ്രകടമായ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനം നൽകിയത് പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വിജയമോ? പോളിംങ് ദിനത്തിൽ പോലും മുഖ്യമന്ത്രി പ്രതിപക്ഷത്തെ സ്ത്രീലമ്പടന്‍മാരും ലൈംഗികവൈകൃതക്കാരുമെന്ന് പരിഹസിച്ചത് സ്വന്തം കാൽച്ചുവട്ടിലെ മണ്ണെല്ലാം ഒലിച്ചുപോയത് അറിയാതെയാണോ? ആശാസമരത്തെ അവഗണിച്ചതുമുതൽ മുതൽ ശബരിമല കൊള്ളക്കാരെ രാഷ്ട്രീയമായി സംരക്ഷിച്ചതുവരെ ജനം ഓര്‍ത്തുവച്ചെന്ന് എൽഡിഎഫിന് ബോധ്യപ്പെട്ടോ?
പിഎംശ്രീയിലെ ഡല്‍ഹി പാലവും ലേബർകോഡിലെ കള്ളക്കളിയും അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാവുമെന്ന് സിപിഎം തിരിച്ചറിയുമോ? അതിദാരിദ്യ്രം ഇല്ലാതാക്കിയെന്ന് സ്വയം പ്രഖ്യാപിച്ചും മുഖ്യമന്ത്രി എന്നോടൊപ്പം എന്ന പ്രചാരണം നടത്തിയും സാധാരണക്കാരൻറെ കണ്ണിൽപൊടിയിടാനാവില്ലെന്ന നല്ലപാഠം പിആര്‍ സംഘവും പഠിക്കുമോ? മുഖ്യമന്ത്രിയുടെ ആഭ്യന്തരം മുതൽ പ്രധാന വകുപ്പുകളുടെ ഭരണത്തിന് ജനം നൽകുന്ന മാർക്ക് എത്രയെന്ന് ബോധ്യമായോ? ചോദ്യം ചെയ്യുന്നവരെയും വിയോജിക്കുന്നവരെയും എതുമാർഗ്ഗവും ഉപയോഗിച്ച് ഇല്ലാതാക്കാനുള്ളതല്ല അധികാരമെന്ന് ബോധ്യപ്പെട്ടോ? ക്ഷേമപെൻഷൻ നൽകിയാൽ ഭേഷായി ശാപ്പാടടിച്ച് പറയുന്നിടത്ത് വോട്ടുകുത്തുമെന്ന് കരുതുന്ന രാഷ്ട്രീയ അശ്ലീലം എന്നു തിരുത്തും?