കേരളമാകെ കാത്തിരുന്ന ആ വിധിയില്‍ ഇന്നുണ്ടായ പ്രതികരണങ്ങളാണ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേരെയും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി നടന് ദിലീപ് അടക്കം ബാക്കിയുള്ളവരെ വെറുതെ വിട്ടതിന്റെ കാരണമറിയാന്‍ വെള്ളിയാഴ്ചവരെ കാക്കണം. വിധിപ്പകര്‍പ്പ് കാണണം. ബാക്കിയാകുന്ന ചോദ്യങ്ങളില്‍ പരമപ്രധാനം, അതിജീവിതയ്ക്ക് നീതി കിട്ടിയോ എന്നതാണ്. ആ പ്രതികളില്‍ ഒതുങ്ങുന്നതാണ് കുറ്റകൃത്യമെങ്കില്‍, എന്തിനാ ഹീനകൃത്യം അയാള്‍ ക്യാമറയില്‍ പകര്‍ത്തണം? അതിക്രൂരമായി ആക്രമിച്ചത്, പീഡിപ്പിച്ചത് നടിയെത്തന്നെ ഉറപ്പാക്കുംവിധം ദൃശ്യങ്ങളെടുക്കണം? അപ്പോള്‍ അത് ക്വട്ടേഷനെന്നല്ലേ? എങ്കിലത് ആരുടെ ആജ്ഞയില്‍? ഈ ചോദ്യത്തിനും കോടതി വിധിയില്‍ ഉത്തരമുണ്ടോയെന്ന് തല്ക്കാലം കാക്കാം. പിന്നയുള്ള ചോദ്യമെന്താണ്? അത് അതിജീവിതയ്ക്കൊപ്പം ഇപ്പോള്‍ ആരൊക്കെ എന്നതാണ്. സിനിമ സംഘടനകള്‍, പ്രതികരിച്ച താരങ്ങള്‍ ഏതാണ്ട് എല്ലാം ദിലീപിനൊപ്പമാണ്, തിരിച്ചെടുക്കാനുള്ള ആലോചനകളിലാണ് സംഘടനകള്‍. ഒരു വോട്ടെടുപ്പ് തലേന്നത്തെ വിധി രാഷ്ട്രീയമായി എങ്ങനെ ചര്‍ച്ചചെയ്യപ്പെടുന്നു എന്നതും പ്രധാനമല്ലേ? അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് ആവര്‍ത്തിച്ച് അപ്പീലിനെക്കുറിച്ച് സര്‍ക്കാര്‍. ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം ആ ക്യാമ്പിനെയാണ് ഈ ദിവസം ഏറ്റവുമധികം ഞെട്ടിച്ചിരിക്കുക, പിന്നീട് അതിലൊരു മലക്കം മറിച്ചിലിന് അടൂര്‍ പ്രകാശ് ശ്രമിച്ചെങ്കിലും. അപ്പോള്‍ അവള്‍ക്കൊപ്പം ആരൊക്കെയുണ്ട്? ഉത്തരംകിട്ടാത്ത പ്രധാന ചോദ്യങ്ങള്‍ ആരുടെയൊക്കെ ചോദ്യമാണ്?