ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിലായതോടെ സിപിഎമ്മിൻറെ എല്ലാ വാദങ്ങളും പൊളിയുകയാണോ? ദേവസ്വം നേതൃത്വത്തിലേക്ക് പാർട്ടി നിയോഗിച്ച പ്രധാന നേതാവ് ക്ഷേത്രസ്വത്ത് കൊള്ളയടിച്ച കേസിൽ അറസ്റ്റിലാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് സിപിഎം തന്നെയാണോ? സിപിഎമ്മിൻറെ മുൻ എംഎൽഎ മാത്രമല്ല പത്മകുമാർ, പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണ്. ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തർക്കൊപ്പമെന്ന് സർക്കാരും പാർട്ടിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രമുഖ നേതാവ് അയ്യപ്പൻറെ സ്വത്ത് മോഷ്ടിച്ചതിന് അഴിക്കുള്ളിലാകുന്നത്. അയ്യപ്പസംഗമത്തെ ഇകഴ്ത്താൻ സ്വർണ്ണക്കൊള്ള ആരോപണം ഉയർത്തുന്നുവെന്ന് മാധ്യമങ്ങളെ പരിഹസിച്ച ദേവസ്വം മന്ത്രിക്ക് ഇനി എന്താണ് പറയാനുള്ളത്? ഒന്നാം പിണറായി സർക്കാർ നിയോഗിച്ച രണ്ട് ദേവസ്വം ബോർഡ് പ്രസിഡൻറുമാർ കൊള്ളക്കേസിൽ പ്രതികളായതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്? അറസ്റ്റിലായിട്ടും എൻ വാസുവിനെ ന്യായീകരിച്ച മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരെയാണ് ഭയപ്പെടുന്നത്? വാസുവും പത്മകുമാറും വാ തുറന്നാൽ കടകംപള്ളിയും കുടുങ്ങുമോ? ഗുരുതര വീഴ്ചകൾ എന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ച പ്രവർത്തികൾക്ക് ഇപ്പോൾ സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറും ചോദ്യമുനയിലാകുമോ? ശബരിമല യുവതീപ്രവേശനത്തിലൂടെ ഭക്തരുടെ രോഷത്തിന് ഇരയായ പിണറായി സർക്കാരും സിപിഎമ്മും ശ്രീകോവിലിലെ സ്വർണ്ണക്കൊള്ളയിലൂടെ തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് അസാധാരണമായ പ്രതിസന്ധി നേടുകയാണോ?