സ്വര്‍ണക്കൊള്ളയുടെ അവിശ്വസനീയ കഥകള്‍ കേട്ട് തരിച്ചിരിക്കുന്ന നാടിന്റെ മുന്നിലേക്കൊരു സര്‍പ്രൈസ് നിയമനനീക്കവുമായി സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും പൗരപ്രമുഖനുമായ കെ.ജയകുമാര്‍ എത്തും. ഔദ്യോഗിക പ്രഖ്യാപനമായില്ല എന്നേയുള്ളൂ. ബോര്‍ഡിനെ പ്രഫഷനലാക്കും എന്ന പ്രതികരണത്തോടെ ജയകുമാര്‍ നിയോഗത്തോട് പ്രതികരിച്ചുകഴിഞ്ഞു. പി.എസ്.പ്രശാന്ത് തലവനായ ബോര്‍ഡിന് സമയം നീട്ടിനല്‍കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈനീക്കം. ഓര്‍ക്കണം, ആ വാര്‍ത്തകള്‍ക്കിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായകമായ ചില നിരീക്ഷണങ്ങള്‍ ഉണ്ടായത്. 2019ലെ സ്വര്‍ണക്കൊള്ള മറയ്ക്കാനാണോ 2025ലും ശ്രമം നടന്നത് എന്നതടക്കം സുപ്രധാന ചോദ്യങ്ങള്‍. എസ്ഐടി അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്. പോറ്റിക്ക് പിന്നാലെ സുപ്രധാന തസ്തികകളില്‍ ഇരുന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ഇനി മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ്. അറസ്റ്റും വഴിയെ പ്രതീക്ഷിക്കാം. അപ്പോള്‍ ഈ ഘട്ടത്തിലെത്തുന്ന പുതിയ പ്രസിഡന്റ് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്താണ്? കള്ളന്മാരെ തുരത്തുമോ കെ.ജയകുമാര്‍ നയിക്കുന്ന ബോര്‍ഡ്? ബോര്‍ഡുതന്നെയും ആക്ഷേപമുക്തമല്ലെന്നിരിക്കെ വിശ്വാസം വീണ്ടെടുക്കല്‍ എളുപ്പമോ? രാഷ്ട്രീയക്കാര്‍ വേണ്ടെന്ന തീരുമാനം, രാഷ്ട്രീയക്കാര്‍ നയിച്ച മുന്‍ ബോര്‍ഡുകളില്‍ സര്‍ക്കാര്‍ തന്നെ ഉറപ്പിക്കുന്ന അവിശ്വാസമോ?