ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. ചരിത്രനേട്ടമെന്ന് വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഈ വലിയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, സര്‍ക്കാരിന്‍റേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ശുദ്ധതട്ടിപ്പാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ഇത്രയുമാണ് രാവിലെ സംഭവിച്ചതെങ്കില്‍, വൈകുന്നേരമായിരുന്നു ആഘോഷച്ചടങ്ങ്. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ഫണ്ട് വകമാറ്റിയായിരുന്നു ആര്‍ഭാടം. അതിദരിദ്രര്‍ക്കായി നീക്കിവച്ച ഫണ്ടില്‍നിന്നുതന്നെ ഒന്നരക്കോടി എടുത്താണ് തലസ്ഥാനത്ത് ആഘോഷമൊരുക്കിയത്. ചടങ്ങില്‍ ആളെക്കൂട്ടാനും പ്രത്യേക ഉത്തരവുണ്ടായിരുന്നു. അതിദാരിദ്ര്യത്തില്‍നിന്ന് ഒരു കുടുംബമെങ്കിലും കരകയറുന്നത് കേരളത്തിന് അഭിമാനകരം തന്നെയാണ്. അതിദരിദ്രരരായിരുന്ന 59,277 കുടുംബങ്ങള്‍ ആ അവസ്ഥയെ അതിജീവിച്ചെങ്കില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പക്ഷേ, സംസ്ഥാനത്തെ അതിദരിദ്രരരെല്ലാം കരകയറിയെന്ന അവകാശവാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു. അതിദരിദ്രര്‍ ഇന്നുമുതല്‍ ആരായിമാറി?