ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ പരമ്പരയില്‍ നാളെ നിര്‍ണായക ദിനമാണ്. സുപ്രധാന കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ് എസ്പി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതിന് തൊട്ടുപിന്നാലെ നിര്‍ണായക അന്വേഷണത്തിലേക്ക് കോടതി തന്നെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കടക്കും. ദേവസ്വം വിജിലന്‍സിന് ഇപ്പോള്‍ത്തന്നെ ഏതാണ്ട് കാര്യമെല്ലാം മനസിലായിട്ടുണ്ട്. ദ്വാരപാലക ശില്‍പത്തിലെ യഥാര്‍ഥ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി മറിച്ചുവിറ്റെന്ന് വിലയിരുത്തിയ സംഘം ഇപ്പോഴുള്ള പാളിയും പോറ്റി കൊണ്ടുപോയ പാളിയും തമ്മിലെ വ്യത്യാസവും കൃത്യമായി മനസിലാക്കിയെന്നാണ് വിവരം.

ഇത്രയുമാണ് പുറത്ത് എങ്കില്‍, കേരള നിയമസഭയുടെ അകത്ത് നാലാം ദിനവും പ്രതിപക്ഷം മറ്റൊന്നിനുമില്ല എന്ന നിലപാടോടെ പ്രതിഷേധം തുടര്‍‌ന്നു, സഭവിട്ടിറിങ്ങി. തൊട്ടുപിന്നാലെ ഇന്നലത്തെ സംഘര്‍ഷത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാന്‍ സഭ തീരുമാനിച്ചു. എം.വിന്‍സന്റ്, റോജി എം.ജോണ്‍, സനീഷ്കുമാര്‍ ജോസഫ് എന്നിവര്‍ സഭയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും പാര്‍ലമെന്ററികാര്യമന്ത്രി എം.ബി.രാജേഷ് ആരോപിച്ചു. ചീഫ് മാര്‍ഷലിന് ഗുരുതര പരുക്കാണെന്നും സര്‍ജറി വേണമെന്നും മന്ത്രി പറഞ്ഞു. അയ്യപ്പസ്വാമിയുടെ മുതല്‍ കവര്‍ന്നവര്‍ക്ക് എതിരായ പോരാട്ടത്തിനുള്ള അംഗീകാരമായി ജനം കരുതുമെന്നാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. നടപടി സ്പീക്കറുടെ നേതൃത്വത്തിലെ ഗൂഢാലോചനയെന്നും പ്രതിപക്ഷം.

അപ്പോള്‍ ചോദ്യമിതാണ്, പ്രതിപക്ഷ എംഎല്‍എമാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചോ? സുരക്ഷാ ജീവനക്കാരെ ആക്രമിച്ചോ? എങ്കില്‍ അതിന്റെ തെളിവായ ദൃശ്യങ്ങളെവിടെ? 

ENGLISH SUMMARY:

Kerala Assembly protest reached a critical point with the suspension of three MLAs. The opposition alleges conspiracy, demanding evidence of disruptive behavior and attacks on security personnel.