സത്യം വിളിച്ച് പറഞ്ഞതിന്, ആരോഗ്യ മേഖലയിലെ അനാസ്ഥ അക്കമിട്ട് പറഞ്ഞതിന്, രോഗികള്‍ക്കൊപ്പം നിന്നതിന്, അവര്‍ക്കായി വേദനിച്ചതിന്.. ഒരു ഡോക്ടറോട് ഏതുവിധേനെയും പകപോക്കാനുള്ള ആരോഗ്യവകുപ്പിന്‍റെ പതിനെട്ട് അടവും പൊളിഞ്ഞ് പാളീസായി.
ആ ഡോക്ടര്‍ പറഞ്ഞതിനൊപ്പമാണ് കേരളത്തിലെ സാധാരണ ജനതയുടെ വികാരം എന്ന് അറിഞ്ഞിട്ടും, ആ ജനങ്ങളെ കൂടി അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്ത്, അധികാര അഹന്തമൂത്ത് ഡോ.ഹാരിസിനെ കളവിന്‍റെ സംശയ നിഴലില്‍ ഇട്ട് നാണം കെടുത്താന്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ നഗ്നരാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും സൂപ്രണ്ടിനെയും കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിച്ചും തല്‍സമയം ഫോണില്‍ നിര്‍ദേശം നല്‍കിയും നടത്തിയ നീക്കം ഏശിയില്ല, താനാണ് ഫോണിലൂടെ അവരെ നിയന്ത്രിച്ചതെന്ന് ഒടുവില്‍ DME സര്‍ കര്‍ട്ടണ്‍ മാറ്റി ഇന്ന് കേരളത്തോട് സമ്മതിച്ചു. തിരശീലയ്ക്ക് പിന്നിലുള്ള ആ ഓട്ടവീണ സിസ്റ്റത്തിന്‍റെ പ്രതിനിധികളായി ഇനിയാരൊക്കെയുണ്ട് ? ഇതൊക്കെ എന്തിനായിരുന്നു എന്ന് ചോദിക്കേണ്ടതാണ് ആരോഗ്യമന്ത്രിയോട്, പക്ഷേ അവരിപ്പോള്‍ തിരക്കിലാണ്.
മിണ്ടാന്‍ താല്‍പര്യമില്ലെന്നാണ് നിലപാട്, മാധ്യമപ്രവര്‍ത്തകര്‍ അടുത്തപ്പോള്‍ പറയാനൊന്നുമില്ലെന്ന് പറഞ്ഞ് ഒരൊറ്റപോക്ക്. അതിലുണ്ട് എല്ലാം. ഈ ആരോഗ്യമന്ത്രി വീണാജോര്‍ജ് തന്നെ വന്ന് കണ്ടെന്നും ഇനി വിവാദത്തിനില്ലെന്നും ഡോ.ഹാരിസ് പ്രതികരിച്ചു. എന്നുവച്ചാല്‍, സിസ്റ്റം നാണം കെട്ട് തടിതപ്പുന്നത് കേരളം കാണുകയാണ്. പക്ഷേ ചോദ്യങ്ങള്‍ ബാക്കിയുണ്ട്.. ഡോ.ഹാരിസിനെ നശിപ്പിക്കണമെന്ന് ആര്‍ക്കായിരുന്നു വാശി ? ഉള്ളത് പറയുന്നവനെ ഇല്ലാതാക്കാന്‍ കളിച്ച കളി നാടറിയെണ്ടേ..? മന്ത്രി തടിതപ്പിയാല്‍ തീരുമോ?