കള്ളക്കേസും ജയിലറയും പുല്ലായി തള്ളിയ സഖാക്കളെ, വീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. നിങ്ങള്‍ നടത്തിയ പോരാട്ടം വൃഥാവിലാകില്ലൊരുനാളും. അവകാശപ്പോരാട്ടങ്ങളുടെ മുന്നണിയില്‍നിന്ന അസംഖ്യം കമ്യൂണിസ്റ്റുകള്‍ക്കായി നാട്ടില്‍ പലകാലത്തുകേട്ട മുദ്രാവാക്യമാണ്. എന്നാല്‍ ഇന്നലെയത് കേട്ടത് ക്രിമിനല്‍കേസില്‍ കുറ്റവാളികളെന്ന് പലകോടതികള്‍ പറഞ്ഞ ഒരു കൂട്ടം മനുഷ്യര്‍ക്കുവേണ്ടിയാണ്.
സി.സദാനന്ദനെന്ന ആര്‍ എസ്എസ് നേതാവിനെ റോഡില്‍ കിടത്തി രണ്ടുകാലും മുറിച്ചുമാറ്റിയെന്ന കുറ്റത്തിന് കോടതി ശിക്ഷിച്ച എട്ടുപേര്‍ക്കുവേണ്ടി. അവരുടെ അപേക്ഷകളെല്ലാം തീര്‍പ്പായി ജയില്‍തന്നെ വഴിയെന്ന് ഉറപ്പായി ജയിലിലേക്ക് യാത്രയാക്കിയ വിധമാണ് കണ്ടത്. മുന്‍ മന്ത്രികൂടിയായ സ്ഥലം എംഎല്‍എ കെ.കെ.ശൈലജയും നേരിട്ടെത്തി. ഈ കുറ്റവാളികളെക്കുറിച്ച് ശൈലജ പറയുന്നത്, ഇവരെ കുറ്റക്കാരായി കാണാനാകില്ല എന്നാണ്. ഇവര്‍ നാടിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ്. നാടാകെ യാത്രയയപ്പിനെത്തി, നാട്ടുകാരിയായ താനുമെത്തിയെന്നാണ്. എന്തൊരു ന്യായമാണിത്? ന്യായീകരണമാണിത്?
ഈ നിലപാട് മുമ്പും നമ്മള്‍ കേട്ടിട്ടുണ്ട്, ടി.പി വധക്കേസ് പ്രതികളുടെ കാര്യത്തിലടക്കം. മറ്റ് പല കേസിലും. ഇത് നല്‍കുന്ന സന്ദേശമെന്താണ്? രാജ്യത്തെ നീതിന്യായ കോടതിക്കുംമീതെ പാര്‍ട്ടി കോടതിയുടെ തീര്‍പ്പാണോ അന്തിമം? തുടരും എന്ന ആത്മവിശ്വാസപ്രകടനത്തില്‍ ഈ കരുതലും തുടരുമോ?