ഓണത്തിനു അലവൻസ് തരുന്നത് കേരളത്തിൽ മാത്രം ആണെന്നും, മറ്റൊരു സംസ്ഥാനത്തും അത് ഇല്ലെന്നുമുള്ള കെ കെ ഷൈജലയുടെ വാക്കുകള്‍ ട്രോളായതോടെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലും വിടി ബല്‍റാമും രംഗത്ത്. നുണപ്രചരണം കയ്യോടെ പിടിക്കപ്പെട്ട സാഹചര്യത്തിലെങ്കിലും കെ കെ ശൈലജ കേരളത്തോട് മാപ്പു പറയണമെന്നും, മേലാൽ ഇതുപോലെ നുണ പറയരുതെന്നും വിടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പെരും നുണകളാൽ കെട്ടിപ്പൊക്കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കുറിച്ചു.
'പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ സൈദ്ധാന്തികമായി കള്ളങ്ങൾ പറഞ്ഞു പൊതുബോധങ്ങൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ, പുതിയ കാലത്ത് അതിന് കഴിവ് ഇല്ലാത്ത കുറെ നേതാക്കൾ പച്ചക്ക് വന്നു കള്ളം പറയുകയാണെന്നാണ് മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. പറയുന്ന കള്ളം പിടിക്കപ്പെട്ടാലും ഒരു ജാള്യതയുമില്ലാതെ പിന്നെയും അതിനെ ന്യായീകരിക്കാനും അവർക്ക് ഒരു മടിയുമില്ല.
പുതിയ കാലത്തെ പിആര്‍ നിർമ്മിതികളിലെ ഏറ്റവും ഫേക്ക് ആയ ഒരു നേതാവാണ് ശൈലജ. അത് അവർ പല കുറി തെളിയിച്ചിട്ടുമുണ്ട്.
ഇന്നലെ തന്നെ നോക്കൂ, കുറെ സാധുക്കളായ നിഷ്കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരോട് എത്ര മനസ്താപം ഇല്ലാതെയാണ് തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ട് വന്നതാണ് എന്ന കള്ളം പറയുന്നത്. കോൺഗ്രസ് കൊണ്ട് വന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് നല്ല ബോധ്യമുണ്ടായിട്ടും അങ്ങനെ ഒരു കള്ളം പറയാൻ അവർക്ക് ഒരു മടിയുമില്ല.
ഓണത്തിനു അലവൻസ് തരുന്നത് കേരളത്തിൽ മാത്രം ആണെന്നും മറ്റൊരു സംസ്ഥാനത്തും അത് ഇല്ല എന്നും അതിനു കാരണം ഇടത് സർക്കാർ ആണെന്നും ഒക്കെ പറയുന്നത് മണ്ടത്തരമാണെന്ന് അവർക്ക് അറിയാഞ്ഞിട്ടില്ല. ആ സാധു അമ്മമാരുടെ നിസ്സഹായതയും പ്രാരബ്ദത്തെയും ചൂഷണം ചെയ്തു തങ്ങൾക്ക് വോട്ട് കൂട്ടാൻ ശ്രമിക്കുകയാണ്. ‘പെൻഷൻ വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു’ എന്ന എംഎം മണി പറയുന്നതിന്റെ നാടകീയ വേർഷനാണ് ശൈലജ പറയുന്നത്'. ഈ പെരും നുണകൾ ഈ നാട് തിരിച്ചറിയുമെന്നും മാങ്കൂട്ടത്തില്‍ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്ന കെ കെ ഷൈജല ടീച്ചറുടെ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പൂരമാണ്. ‘ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, എല്‍ഡിഎഫ് മാത്രം’ എന്ന വാക്കുകളാണ് ടീച്ചറെ എയറിലാക്കിയത്. തൊഴിലാളികളോട് സംസാരിക്കുന്നതിനിടെയാണ് ഷൈലജയുടെ ഈ വാക്കുകള്‍. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനെന്തിനാ ടീച്ചറേ മറ്റു സംസ്ഥാനങ്ങള്‍ അലവന്‍സ് കൊടുക്കുന്നതെന്ന് ചോദിച്ചാണ് വിഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നത്. ഓണത്തിന് ബംഗാളും തമിഴ്നാടും അലവന്‍സ് കോടുക്കണോയെന്നും ദീപാവലിക്കും ദസറയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അലവന്‍സ് കൊടുക്കാറുണ്ടോയെന്നും ചോദ്യം ഉയരുന്നുണ്ട്.
എവിടെ നിന്നുള്ള വിഡിയോ ആണെന്നതില്‍ വ്യക്തതയില്ലെങ്കിലും സോഷ്യല്‍ ഇടങ്ങളില്‍ ചിരി നിറയ്ക്കുന്നുണ്ട് വിഡിയോ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം കേന്ദ്രത്തോട് ശക്തമായി പോരാടി നേടിയെടുത്തതാണെന്നും ടീച്ചര്‍ പറയുന്നു. ഇടത് ഹാന്‍ഡിലുകളില്‍ നിന്നുവന്ന പോസ്റ്റുകളില്‍ നിന്ന് വിഡിയോ അടര്‍ത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളാണ് ട്രോള്‍ പൂരത്തിന് വഴിവച്ച പോസ്റ്റുകള്‍ ഇട്ടത്.