പ്രായം പതിമുന്നേ ആയുള്ളൂ അവന്. എട്ടാം ക്ലാസുകാരന്‍, നിറമെഴും സ്വപ്നങ്ങളുടെ ബാല്യം കടക്കുന്നവന്‍. വീടെന്ന് തീര്‍ത്ത് വിളിക്കാനാവാത്ത... അടച്ചുറപ്പില്ലാത്ത ഒരു കൂരയില്‍–ജീവല്‍ പ്രശ്നങ്ങളോട് മല്ലടിക്കുമ്പോഴും പഠനത്തിലും കായികരംഗത്തും മിടു മിടുക്കന്‍. സ്കൂള്‍ ഫുട്ബോള്‍ ടീമലിടം കിട്ടിയ സന്തോഷത്തോടെയാണ് ഇന്ന് പോയത്. ക്ലാസ് കഴിഞ്ഞിറങ്ങുമ്പോള്‍.. ‘അച്ഛാ എനിക്ക് പുതിയ ചെരുപ്പ് വാങ്ങി തരണേ എന്ന് പറഞ്ഞതാണ്’, നേരത്തെ വന്ന് വിളിക്കാമെന്ന് അച്ഛനും വാക്കുകൊടുത്തതാണ്. അവനാണ്.... സ്കൂള്‍ മാനേജ്മെന്‍റിന്‍റേയും പ്രാദേശിക–ഉദ്യോഗസ്ഥ അധികാരക്കൂട്ടത്തിന്‍റെയും ആണ്ടുകളായി തുടരുന്ന പൊറുക്കാനാകാത്ത അനാസ്ഥയുടെ,,, വിദ്യാഭ്യാസവും വൈദ്യുതിയും തദ്ദേശവും തുടങ്ങിയ വിവിധ വകുപ്പുകളുടെ പിടിപ്പുകേടിന്‍റെ,, ഇരയായി നമ്മോട് വിടപറഞ്ഞത്. അപ്പോഴും.. അവന്‍ പറഞ്ഞിട്ട് കേള്‍ക്കാതെ ആ ഷീറ്റിന് മുകളില്‍ ചെരുപ്പെടുക്കാന്‍ കയറിയതല്ലേ.. അപകടം അങ്ങനെ ഉണ്ടായതല്ലേ എന്ന് പറയുന്നു ചിലര്‍. അക്കൂട്ടത്തില്‍ ഒരു മന്ത്രിയുമുണ്ട് എന്നത് ലജ്ജാകരം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ഏത് ന്യായീകരണ വാക്കുകൊണ്ട് നികത്തും ഈ അനാസ്ഥയുടെ കറ? പൊലിഞ്ഞ ജീവന് ആരു പറയണം സമാധാനം ? ജീവനെടുത്തത് ആരൊക്കെ ?