സഹികെട്ട് തെരുവിലിറങ്ങി ജനം; ആരുടെ അനാസ്ഥ?

വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍‌ക്കെതിരെ ജനരോഷം അണപൊട്ടിയ ദിവസമാണിന്ന്. ഒരാഴ്ചയ്ക്കിടെ രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടതോടെ സഹികെട്ടാണ് ജനം തെരുവിലിറങ്ങിയത്. കുറവ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേവുമായി രാവിലെ പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.  ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി ഉള്‍പ്പെടെ ഭരണകക്ഷി നേതാക്കള്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ സ്ഥലത്തെത്തിയ  പ്രതിപക്ഷ എംഎല്‍എമാരാണ് ജനരോഷത്തിന്‍റെ ചൂടറിഞ്ഞത്.  ടി.സിദ്ദിഖിനും ഐ.സി.ബാലകൃഷ്ണനും എതിരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. പിന്നാലെ പൊലീസ് ലാത്തിവീശി. പോളിന്‍റെ കുടുംബത്തിന് ആവശ്യപ്പെട്ട സഹായം രേഖാമൂലം ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധത്തിന് അയവുണ്ടായത്. പുല്‍പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പോളിന്‍റെ വസതിയും സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്ക് വന്യമൃഗഭീതിയില്ലാതെ സ്വൈര്യമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ആ ഉറപ്പ് നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഇനിയും എത്ര ജീവനുകള്‍ പൊലിയണം?