സുരക്ഷാ ഉദ്യോഗസ്ഥരോ ഗുണ്ടകളോ? കേരളത്തില്‍ എന്തുമാകാമെന്നോ?

ചരിത്രം സൃഷ്ടിച്ചുകൊണ്ട് നവകേരളയാത്ര കേരളത്തിന്‍റെ തെക്കേയറ്റം ലക്ഷ്യമാക്കി മുന്നേറുകയാണ്. പക്ഷേ, എന്ത് ചരിത്രമാണ് സൃഷ്ടിക്കുന്നത് എന്നതാണ് ചോദ്യം. പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കി ഒരു മുഖ്യമന്ത്രിയും 21 മന്ത്രിമാരും 11 ജില്ലകള്‍ പിന്നിട്ട് പന്ത്രണ്ടാമത്തെ ജില്ലയിലേക്ക് പ്രവേശിച്ചിരിക്കുന്നു. പിന്നിട്ട വഴികളിലെല്ലാം യാത്രയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധവും ഡിവൈഎഫ്ഐയുടെ രക്ഷാപ്രവര്‍ത്തനവും നമ്മള്‍ കണ്ടു. അത് മാത്രമല്ല, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പോയിക്കഴിഞ്ഞിട്ടും അകമ്പടി വാഹനം നിര്‍ത്തി പ്രതിഷേധക്കാരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും കഴിഞ്ഞദിവസം കണ്ടു. അതേക്കുറിച്ചുള്ള ചോദ്യത്തിന് കമ എന്നൊരക്ഷരം മുഖ്യമന്ത്രി ഇന്ന് മിണ്ടിയില്ല. മന്ത്രിമാരാകട്ടെ തങ്ങളുടെ ന്യായീകരണദൗത്യം നന്നായി നിര്‍വഹിച്ചു. പ്രോട്ടോകോള്‍ ലംഘിച്ച ഉദ്യോഗസ്ഥനെതിരെ ചെറുവിരലനക്കാന്‍ പൊലീസ് ഉന്നതര്‍ക്കും ധൈര്യമില്ല. ഇതിനെല്ലാം പുറമെ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫെയ്സ് ബുക്കില്‍ കമന്‍റ് ഇട്ടിരിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ വാടാ, കാണിച്ചുതരാം എന്ന്. സ്വാഭാവികമായും സംശയംതോന്നും ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണോ അതോ ഗുണ്ടകളാണോ എന്ന്. രണ്ട് ജില്ലകള്‍ കൂടി പിന്നിടാനിരിക്കെ യാത്ര അവസാനിക്കും മുന്‍പ് എന്തൊക്കെ കാണേണ്ടിവരും... കേരളത്തില്‍ എന്തുമാകാമെന്നാണോ?