അദാനി അതിജീവിക്കുമോ ? ആഘാതമെത്ര? ആരൊക്കെ ഉത്തരം പറയണം?

2017ല്‍ അമേരിക്കയില്‍ സ്ഥാപിക്കപ്പെട്ട നിക്ഷേപ ഗവേഷണസ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവരുടെ ലക്ഷ്യമായി പറയുന്നത് ഇങ്ങനെയാണ്. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുക. അക്കൗണ്ടിങ് ക്രമക്കേട്, മോശം മാനജ്മെന്റ്, വെളിപ്പെടുത്താത്ത ഇടപാടുകള്‍ അങ്ങനെയങ്ങനെ. മനുഷ്യനിര്‍മിത ദുരന്തത്തിന്റെ മികച്ച ഉദാഹരണമായി ലോകം അടയാളപ്പെടുത്തിയ 1937ലെ ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ് നാശത്തില്‍നിന്ന് തന്നെയാണ് ആ സംഘടന ആ പേര് സ്വീകരിക്കുന്നത്. അവര്‍ രണ്ട് ദിവസം മുമ്പ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് ഇന്ത്യയിലാകെയും വിശിഷ്യാ ഓഹരിവിപണിയിലും കൊടുങ്കാറ്റിനുതന്നെ കാരണമാകുന്നു. കണ്ടെത്തല്‍ പലതാണ്. ഏറ്റവും പ്രധാനം 17.8 ട്രില്യന്‍ കമ്പനിയായ അദാനി ഗ്രൂപ്പ് സ്റ്റോക് കൃത്രിമത്തിലും അക്കൗണ്ടിങ് തട്ടിപ്പിലും ഇടപെട്ടു. ഏഴ് പ്രധാന ലിസ്റ്റഡ് കമ്പനികളുടെ സ്റ്റോക് വില അപ്രീസിയേഷന്‍ കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗൗതം അദാനി സ്വന്തമാക്കിയത് നൂറ് ബില്യന്‍ ഡോളറിലേറെ. അദാനി ആരോപണം നിഷേധിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് ഉറച്ചുനില്‍ക്കുന്നു. പക്ഷെ രണ്ട് ദിവസം കൊണ്ട് അദാനി കമ്പനികളുടെ മൂല്യത്തില്‍ ഉണ്ടായത് 4.17ലക്ഷം കോടിരൂപയുടെ കുറവ്. ലോകധനികരുടെ പട്ടികയില്‍ അദാനി മൂന്നില്‍നിന്ന് ഏഴാംസ്ഥാനത്തേക്ക് പതിച്ചു. സെന്‍സെക്സിലും നിഫ്റ്റിയിലും ഇടിവ്. ആരോപണങ്ങള്‍ സെബി പരിശോധിക്കുമെന്നതുവരെയാണ് അപ്ഡേറ്റ്. അപ്പോള്‍ അദാനി ചോദ്യങ്ങള്‍ നേരിടുമ്പോള്‍ ആരൊക്കെ ആശങ്കപ്പെടണം? ഉത്തരംപറയണം?