ഹിന്ദു വോട്ടുകൾ ബിജെപിക്ക് സ്വന്തമോ? കോൺഗ്രസിന്‍റെ ഗെയിംപ്ലാൻ എന്ത്?

ന്യൂനപക്ഷം മാത്രം പോരാ, നരേന്ദ്രമോദിക്കെതിരായ രാഷ്ട്രീയപോരാട്ടത്തിലെന്ന, അതിന് ഭൂരിപക്ഷമായ ഹിന്ദുക്കളെക്കൂടി കൂടെ നിര്‍ത്താനാകണം എന്ന എകെ ആന്റണിയുടെ വാക്കുകളാണ് കേരളത്തിലെ രാഷ്്ട്രീയവര്‍ത്തമാനം. ഹൈന്ദവ സുഹൃത്തുക്കള്‍ ആരെങ്കിലും അമ്പലത്തില്‍ പോയാല്‍, ചന്ദനക്കുറി ഇട്ടാല്‍ അവര്‍ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവര്‍ എന്ന സമീപനം വീണ്ടും നരേന്ദ്രമോദി വരാനേ സഹായിക്കൂ, അത് എല്ലാവരും ഓര്‍ക്കണം എന്നുകൂടിയാണ് ആന്റണി പറഞ്ഞത്. കുറി തൊടാറുള്ള, ഇടയ്ക്ക് അത് മാറ്റിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒഴികെ കോണ്‍ഗ്രസില്‍ പ്രതികരണങ്ങള്‍ എല്ലാം ആന്റണിയെ പിന്തുണച്ച്. കുറി തൊടുന്നവര്‍ വിശ്വാസികളെന്നും വിശ്വാസികള്‍ വര്‍ഗീയ വാദികളല്ല എന്നുമുള്ള കരുതലുള്ള നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി. എന്നാല്‍ എവിടേയ്ക്കാണ് ആന്റണി പന്തുരുട്ടുന്നത് എന്ന് വ്യക്തമായറിയാവുന്ന ബിജെപി കടന്നാക്രമിച്ച് രംഗത്തെത്തി. ഇവിടെമാത്രമല്ല, അങ്ങ് ഡല്‍ഹിയിലും. അപ്പോള്‍ കുറിതൊടുന്നവരുടെ രാഷ്ട്രീയം എന്താണ്? ആന്റണി കോണ്‍ഗ്രസുകാരോട് ആവശ്യപ്പെടുന്ന ജാഗ്രതയെന്താണ്?