മുല്ലപ്പെരിയാറില്‍ കേരളം ഭയക്കുന്നത് ആരെ? ജനങ്ങളോട് ഉത്തരവാദിത്തമില്ലേ?

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ പ്രദേശവാസികള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണേണ്ടതാരാണ്? ഒരാഴ്ച്ചയ്ക്കിടെ മൂന്നാം തവണയാണ് ഇവർക്ക് സ്വന്തം വീടുവിട്ട് പോകേണ്ടി വന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം ഇരച്ചെത്തിയതോടെ കുഞ്ഞുങ്ങളെ വാരിയെടുത്ത് അമ്മമാർ ജീവനും കൊണ്ടോടി. രാത്രി വ്യക്തമായ മുന്നറിയിപ്പില്ലാതെ  വെള്ളമൊഴുക്കിവിടുന്ന തമിഴ്നാടിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജലവിഭവമന്ത്രിയുടെ പ്രതികരണം. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്‍റിനകത്തും പുറത്തും ആവശ്യപ്പെട്ട് കേരള എംപിമാരുടെ പ്രതിഷേധം. പക്ഷേ മുഖ്യമന്ത്രിയുടെ കത്തിനും പുല്ലുവിലയെന്നു പ്രഖ്യാപിച്ച് തമിഴ്നാട് രാത്രി വെള്ളം തുറന്നു വിടുന്നത് തുടരുകയാണ്. ഏറ്റവുമൊടുവില്‍  കേരളം സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്നാട് രാത്രിയില്‍ ഡാം തുറന്നുവിടുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളത്തിലെ ജനങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്?