അനുപമയോടുള്ള നീതികേടിന് സിപിഎം എന്ത് മറുപടി പറയും? നീതി അകലെയോ?

അമ്മയെ കബളിപ്പിച്ച് കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ അമ്മയുടെ പോരാട്ടത്തിനൊടുവില്‍  സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നു.ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ശിശുക്ഷേമസമിതിക്ക്  വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.  ഏറെ  സങ്കീര്‍ണമായ നിയമ പോരാട്ടത്തിനൊടുവില്‍ സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കാന്‍ അനുപമ എന്ന അമ്മയ്ക്കാവുമെന്ന് പ്രതീക്ഷിക്കാം.

പക്ഷേ അനുപമയുടെ കഥ ഉയര്‍ത്തുന്ന ഗൗരവതരമായ ചില ചോദ്യങ്ങളുണ്ട് കേരളത്തില്‍. പാര്‍ട്ടി സ്വാധീനമുണ്ടെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതു നിലയിലും ദുരുപയോഗം ചെയ്യാമോ എന്നതാണ് പ്രധാന ചോദ്യം.  കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന പരാതി ലഭിച്ച് ആറുമാസം അനങ്ങാതിരുന്ന  പേരൂര്‍ക്കട പൊലീസ്, അമ്മയുടെ പരാതി അവഗണിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിച്ച് ദത്തു നടപടികളിലേക്ക് പോയ ശിശുക്ഷേമ സമിതി എന്നിവരോടുള്ള സര്‍ക്കാരിന്‍റ സമീപനമെന്തെന്നും വ്യക്തമാകേണ്ടിയിരിക്കുന്നു. അമ്മയ്ക്ക് നീതി അകലെയോ ?