ലീഗിനെ കള്ളപ്പണമിടപാടിന് ഉപയോഗിച്ചോ?; കെ.ടി.ജലീലിന്റെ ഉന്നമാര്?

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടിസ്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ പത്തുകോടി നിക്ഷേപം വന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്ക് വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടിസ്. പാണക്കാട് തങ്ങളെ ഇ.ഡി ഒരു തവണ ചോദ്യംചെയ്തെന്ന് പറഞ്ഞും ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചും കെ.ടി.ജലീല്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇഡി നീക്കം. ലീഗിനെയും ലീഗ് സ്ഥാപനങ്ങളെയും പി.കെ.കുഞ്ഞാലിക്കട്ടി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചതിന്റെ ഫലമാണ് ഹൈദരലി തങ്ങള്‍ അനുഭവിക്കുന്നതെന്നും ജലീലിന്റെ ആരോപണം. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന് മൂന്നുകോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും മുന്‍ മന്ത്രി. തൊട്ടുപിന്നാലെ നിയമസഭ മീഡിയ റൂമില്‍ത്തന്നെ മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചു. പക്ഷെ ഇ.ഡ‍ി പാണക്കാട്ടെത്തിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. അപ്പോള്‍ ചോദ്യമിതാണ്. ലീഗിനെ, പാര്‍ട്ടിയുടെ സ്ഥാപനങ്ങളെ നേതൃത്വം കള്ളപ്പണ ഇടപാടിന് ഉപയോഗിച്ചോ? പാണക്കാട് തങ്ങളെ ഇ.ഡി കണ്ടത് വിവരം തേടലോ ചോദ്യംചെയ്യലോ?