ജോസഫൈന്‍ രോഷനടുവില്‍; വനിതാ കമ്മീഷൻ ഇങ്ങനെ മതിയോ?

ഇന്നലെ വൈകിട്ട് മനോരമ ന്യൂസ് സംഘടിപ്പിച്ച ഒരു ഫോണ്‍ ഇന്‍ പരിപാടിയില്‍നിന്നുള്ളതാണ് ഈ കേട്ടത്. വീടകങ്ങളില്‍ പീഡനം നേരിടുന്നവര്‍ക്ക് നേരിട്ട് വനിതാ കമ്മിഷനുമായി സംസാരിക്കാനുള്ള ഒരു ഫോറം. വിളിച്ച പലരോടും കമ്മിഷന്‍ അധ്യക്ഷ പ്രതികരിച്ച ശൈലി ഇന്നലെയും ഇന്നുമായി വ്യാപകവിമര്‍ശനം ഏറ്റുവാങ്ങി. എം.സി.ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും കെഎസ്്യുവുമെല്ലാം തെരുവിലിറങ്ങി. ഇടത് സംഘടനയായ എഐഎസ്എഫ് ഇങ്ങനെതന്നെ പറഞ്ഞു–വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തിരിക്കാന്‍ അവര്‍ യോഗ്യയല്ല. ഇടതുപക്ഷത്തുനിന്നും വ്യാപകമായി വിമര്‍ശനം ഏറ്റുവാങ്ങുകയാണ് അവര്‍. മോശമായി പെരുമാറിയിട്ടില്ല എന്ന് ഇന്ന് ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. വനിതകള്‍ ഗാര്‍ഹിക പീഡന പരാതിയുമായെത്തുമ്പോള്‍ നമ്മുടെ സംവിധാനങ്ങള്‍ പര്യാപ്തമാകുംവിധമാണോ പ്രതികരിക്കുന്നത് എന്ന ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് വനിത കമ്മിഷന്‍തന്നെ ഉത്തരംപറയേണ്ട നിലയുണ്ടാകുന്നത്. വനിത കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണശൈലിയെ എങ്ങനെ കാണണം? കമ്മിഷനും മാറേണ്ടതുണ്ടോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.