കെ.സുധാകരന്‍ തിരുത്തണോ? കോണ്‍ഗ്രസില്‍ ഏറ്റുമുട്ടലോ?

ഈ പറഞ്ഞത് കെ.സുധാകരന്‍ തിരുത്തണോ? പുനപരിശോധനയ്ക്ക് തയാറാകണോ?  അങ്ങനെയൊന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം ഇന്ന് ആവര്‍ത്തിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.  മിനിഞ്ഞാന്ന് പ്രതിപക്ഷനേതാവിന്റെ ഐശ്വര്യകേരള യാത്രയില്‍ തലശേരിയിലാണ്  കെപിസിസി വര്‍ക്കിങ് പ്രസിഡന്റുകൂടിയായ കെ.സുധാകരന്‍ മുഖ്യമന്ത്രിയെയും  കുടുംബത്തെയും കുറിച്ച് ഇപ്പറഞ്ഞത്. ഇന്നദ്ദേഹം ചോദിക്കുന്നു, സിപിഎമ്മുകാര്‍ക്കും ഇല്ലാത്ത  പ്രശ്നം,, ഇതില്‍,, തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്  എങ്ങനെയുണ്ടായെന്ന്. എന്താണ് നിലപാടെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ  വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയിട്ടുണ്ടെന്നും കെ.സുധാകരന്‍.  അതുതന്നെയാണ് പ്രധാനചോദ്യം. കോണ്‍ഗ്രസിന്റെ നിലപാടെന്താണ്? 

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ... ജാതിയമായി അധിക്ഷേപിച്ചിട്ടില്ല. തൊഴിലും കുടുംബ പശ്ചാത്തലവുമാണ് സൂചിപ്പിച്ചത്. പ്രസ്താവനയില്‍ സിപിഎമ്മിന് ഇല്ലാത്ത വിഷമമാണ് ഷാനിമോൾ ഉസ്മാനെ പോലെയുള്ളവർക്കെന്നും അത് സംശയകരമാണെന്നും സുധാകരൻ ആഞ്ഞടിച്ചു. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാ‍മര്‍ശം പരിശോധിക്കുമെന്നും നേതാക്കള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.